വലയിൽ വീണത് ആയിരങ്ങൾ; അനന്തു കൃഷ്ണൻ മെനഞ്ഞത് ചാണക്യ തന്ത്രം
1511463
Wednesday, February 5, 2025 11:06 PM IST
തൊടുപുഴ: ഓണക്കിറ്റ് മുതൽ വളം, തയ്യൽ മെഷീൻ, പഠനോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ വരെ നൽകിയായിരുന്നു സിഎസ്ആർ ഫണ്ടിന്റെ പേരിൽ തട്ടിപ്പു നടത്തിയ അനന്തു കൃഷ്ണൻ ആളുകളുടെ വിശ്വാസം നേടിയെടുത്തത്. ഇരു ചക്ര വാഹനം പകുതി വിലയ്ക്കു നൽകാമെന്നു പറഞ്ഞ് നൂറുകണക്കിന് ആളുകളിൽ നിന്നും പണം വാങ്ങിയതിനു പുറമേ വളം, കാർഷിക യന്ത്രങ്ങൾ, തയ്യൽമെഷീൻ , ഗൃഹോപകരണങ്ങൾ, പഠനോപകരണങ്ങൾ, ലാപ്ടോപ് തുടങ്ങി വിവിധ വസ്തുക്കളും നൽകാമെന്ന് പറഞ്ഞതോടെ ജില്ലയിൽ നിരവധി പേർ വിവിധ മേഖലകളിൽ തട്ടിപ്പിനിരയാകുകയായിരുന്നു. ചെറുതും വലുതുമായ തുകകളാണ് നൂറുകണക്കിനാളുകൾ ഇടനിലക്കാർ മുഖേന നൽകിയത്.
സീഡ് സൊസൈറ്റി രൂപീകരിച്ച് ചുമതലക്കാരായി പ്രദേശത്തെ സ്ത്രീകളെ നിയമിക്കുകയും ചെയ്തു. ഇവരാണ് ഗുണഭോക്താക്കളെ കണ്ടെത്തി പണം പിരിച്ചത്. ജനങ്ങളെ സ്വാധീനിക്കുന്നതിനായി ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഉപയോഗപ്പെടുത്തി. ഇവരുടെ ശുപാർശ പ്രകാരമാണ് പലരും പണം നൽകിയത്. സ്ഥലത്തെ പഞ്ചായത്തംഗം പറഞ്ഞതനുസരിച്ചാണ് താൻ പണം നൽകിയതെന്ന് തട്ടിപ്പിനിരയായ ഇരട്ടയാർ വാഴവര സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് സ്കൂട്ടർ നൽകാമെന്നു പറഞ്ഞ് ഇവരുടെ പക്കൽനിന്ന് 60,000 രൂപ വാങ്ങിയത്. ഒരു മാസത്തിനകം സ്കൂട്ടർ നൽകാമെന്നായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിച്ചില്ല. പല തവണ ഇടനിലക്കാരായ സ്ത്രീകളുമായി ബന്ധപ്പെട്ടപ്പോഴും ഉടൻ ലഭിക്കുമെന്നായിരുന്നു മറുപടി. കഴിഞ്ഞ ഡിസംബറിൽ പണം നൽകിയവരുടെ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് ലിങ്കിൽ കയറിയാൽ സ്കൂട്ടർ ലഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ പണം നൽകിയ ആർക്കും ഈ ലിങ്കിൽ കയറാനായില്ല. ഇതും തട്ടിപ്പിന്റെ ഭാഗമായിരുന്നെന്ന് ഇവർ പറയുന്നു.
ഇതിനിടെ ആദ്യഘട്ടത്തിൽ ചുരുക്കം ചിലർക്ക് വാഗ്ദാന പ്രകാരമുള്ള സാധനങ്ങൾ നൽകി. ഇതു കൂടുതൽ പേരെ കെണിയിൽ കുടുക്കാനുള്ള ചാണക്യ തന്ത്രമായിരുന്നെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് വലിയ സമ്മേളനം വിളിച്ചു ചേർത്താണ് പഠനോപകരണങ്ങളും ഇരുചക്രവാഹനങ്ങളും മറ്റും വിതരണം നടത്തിയത്. ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്തവർ അനന്തു കൃഷ്ണനെ വാനോളം പുകഴ്ത്തിയതോടെ അന്നുതന്നെ ഒട്ടേറെ പേർ പദ്ധതിയിൽ അംഗങ്ങളായി. ആളുകളെ വിശ്വസിപ്പിക്കാൻ വിവിധ കന്പനികളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചു. അനന്തു കൃഷ്ണന്റെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെ ആദ്യഘട്ടത്തിൽ ആളുകൾക്ക് വളവും മറ്റും നൽകാനായി ഇതു വാങ്ങിയ കന്പനികളെയും പണം നൽകാതെ ഇയാൾ കബളിപ്പിച്ചതായി പരാതിയുയർന്നിട്ടുണ്ട്.