ടി.ജെ. ജോസിന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ്
1511465
Wednesday, February 5, 2025 11:06 PM IST
കരിമ്പൻ: ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നൽകിവരുന്ന മാർ മാത്യു ആനികുഴിക്കാട്ടിൽ അവാർഡിന് ടി.ജെ. ജോസ് അർഹനായി. വിദ്യാഭ്യാസം, സാമൂഹിക സേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ ആണ് അവാർഡ് നൽകുന്നത്.
ഈ വർഷത്തെ അവാർഡിന് അടിമാലി സ്വദേശി തേക്കനാൽ ടി.ജെ.ജോസാണ് അർഹനായത്. ഇടുക്കി കോതമംഗലം രൂപതകളിലെ വിവിധ സ്കൂളുകളിൽ ചിത്രകലാ അധ്യാപകനായി സേവനം ചെയ്ത് വിരമിച്ച അധ്യാപകനാണ് ടി.ജെ. ജോസ്. കേരളം, കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ദേവാലയങ്ങളിലായി 126 അൾത്താരകളും എഴുകുംവയൽ കുരിശുമലയിലെ കുരിശുരൂപമടക്കം നിരവധി ശില്പങ്ങളും നിർമിച്ചിട്ടുണ്ട്. ഡിസൈനർ, നാടക രചയിതാവ് ,സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എട്ടിന് രാവിലെ 10ന് ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക - അനധ്യാപക സംഗമത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡ് വിതരണം ചെയ്യും.