നടക്കാനെങ്കിലും വഴി തരുമോ...?
1511137
Tuesday, February 4, 2025 11:52 PM IST
ചെറുതോണി: കാൽനട യാത്ര പോലും അസാധ്യമായ കത്തിപ്പാറ -ചുരുളി - അമ്പലപ്പടി - ഗാന്ധി സ്മാരകം റോഡിൽ നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് അവസാനമില്ല. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിനോട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കാണിക്കുന്ന അവഗണനക്ക് എതിരേ പ്രതിഷേധം ശക്തമാകുകയാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെയുള്ള റോഡിലൂടെ കാൽ നടയാത്ര പോലും അസാധ്യമായിട്ട് മാസങ്ങളായി. വെൺമണി, പഴയരിക്കണ്ടം, കഞ്ഞിക്കുഴി ഭാഗത്തുനിന്നുള്ളവർക്ക് ചേലച്ചുവട്ടിൽ എത്താതെ എളുപ്പത്തിൽ ജില്ലാ ആസ്ഥാനത്ത് എത്താൻ സാധിക്കുന്ന റോഡ് കൂടിയാണിത്. സാന്തോം സ്കൂൾ, ചുരുളി എസ്എൻഡിപി സ്കൂൾ, ചുരുളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും സ്കൂൾ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോയിരുന്നത്.
റോഡ് തകർന്നതോടെ സ്കൂൾ വാഹനങ്ങൾ കടന്നുവരാതെയായി. തകർന്ന റോഡിലൂടെ നടക്കാൻ പോലും സാധിക്കാതെ വിദ്യാർഥികളും ദുരിതത്തിലായിരിക്കുകയാണ്. നിരവധി കുടുംബങ്ങളുടെ ഏക സഞ്ചാര പാതയാണിത്. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകി.