വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു
1511134
Tuesday, February 4, 2025 11:52 PM IST
വണ്ടിപ്പെരിയാർ: വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ 65 വയസുള്ള പാൽ തങ്കത്തിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ചതിനുശേഷം പാൽ തങ്കം മാത്രമാണ് മൗണ്ടിലെ കുടുംബവീട്ടിൽ താമസിക്കുന്നത്. മക്കൾ നാലു പേരുണ്ടെങ്കിലും ഇവർ വേറെയാണ് താമസം.
വീടിന്റെ അടുക്കളവശത്തെ കതക് തകർത്ത് അകത്തു കയറിയ അക്രമി ഉറങ്ങിക്കിടന്ന പാൽതങ്കത്തിന്റെ മുഖത്ത് തുണിയിട്ട് മൂടി വായിൽ മറ്റൊരു തുണി തിരുകി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ വരുന്ന മാലയും അര പവൻ വരുന്ന കമ്മലും തലയണയ്ക്കടിയിൽവച്ചിരുന്ന 25,000 രൂപയും അപഹരിക്കുകയായിരുന്നു.
നാട്ടുകാരെയും മക്കളെയും വിളിച്ചുവരുത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.