മുല്ലപ്പെരിയാർ: പുതിയ ടണൽ നിർമിക്കണമെന്ന് മാത്യു സ്റ്റീഫൻ
1511131
Tuesday, February 4, 2025 11:52 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് പുതിയ ടണൽ നിർമിക്കണമെന്ന് ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാത്യു സ്റ്റീഫൻ. സമിതി ഇന്നലെ കുമളിയിൽ നടത്തിയ റോഡ് ഉപരോധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു മാത്യു സ്റ്റീഫൻ . മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും നിസംഗത വെടിയണം. ഇരു സംസ്ഥാനങ്ങളിലേയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവനുമാണ് പ്രധാനം.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ ക്രമപ്പെടുത്തണം. 110 അടിയിൽ വരെ ജലനിരപ്പ് താഴ്ത്തുന്ന തരത്തിലായിരിക്കണം പുതിയ ടണൽ നിർമാണം. നിലവിലുള്ള ടണലിന് സമാന്തരമായി പുതിയ ടണൽ നിർമിച്ചാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കൊഴുക്കാനാകുമെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമരം നടത്തുന്നതിന് പോലീസ് അനുമതി നിഷേധിച്ചതിനേതുടർന്ന് വണ്ടൻമേട് ജംഗ്ഷനിൽ കുമളി ഗവ. സ്കൂളിന് സമീപമാണ് റോഡ് ഉപരോധ സമരം നടന്നത്.
സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാന്ധി വേഷധാരി തോമസ് കുഴങ്ങാടനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പി.എൻ. സുബൈർ, അഡ്വ. സിബി, സജിത എന്നിവർ സമരത്തിന് നേതൃത്വം നല്കി.