ജനവാസമേഖലയെ വിറപ്പിച്ച് ഒറ്റക്കൊന്പൻ
1511452
Wednesday, February 5, 2025 11:06 PM IST
മൂന്നാർ: പടയപ്പയുടെയും ഒറ്റക്കൊന്പന്റെയും സാന്നിധ്യം കന്നിമല എസ്റ്റേറ്റിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം പടയപ്പ ജനവാസ മേഖലകളിൽ എത്തി മടങ്ങിയതിന് പിന്നാലെയാണ് ഒറ്റക്കൊന്പൻ എത്തിയത്. കന്നിമല ടോപ്പ് ഡിവിഷനിലെ വീടുകൾക്കു സമീപമാണ് കൊന്പൻ എത്തിയത്. തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികൾക്കു സമീപം വരെ കാട്ടാന എത്തിയിരുന്നു. പകലും രാത്രിയും എത്തുന്ന കൊന്പൻമാർ ഏതു സമയത്താണ് വീടുകൾക്കു സമീപം എത്തുന്നതെന്ന് അറിയാത്തതിനാൽ ഏറെ ആശങ്കയോടെയാണ് തൊഴിലാളികൾ കഴിയുന്നത്.
സ്കൂളിൽപോയി മക്കൾ വരുന്നതു വരെ സ്വസ്ഥതയില്ലാതെയാണ് രക്ഷിതാക്കൾ കാത്തിരിക്കുന്നത്. മേഖലയിൽ വനം വകുപ്പിന്റെ ആർആർടി തന്പടിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായിട്ടില്ല. ഒറ്റക്കൊന്പനെ പടക്കം പൊട്ടിച്ച് നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നു വിരണ്ടതല്ലാതെ ഇവിടെനിന്നും മടങ്ങാൻ കുട്ടാക്കാതെയിരുന്ന കൊന്പൻ ഏറെ സമയത്തിനു ശേഷമാണ് പിൻവാങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ കന്നിമല എസ്റ്റേറ്റ് സ്വദേശിയായ ഓട്ടോഡ്രൈവർ സുരേഷ്കുമാർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.