മൂലമറ്റത്തെ കൊലപാതകം: പ്രതികൾ സ്ഥിരം കുറ്റവാളികൾ
1510858
Monday, February 3, 2025 11:38 PM IST
കാഞ്ഞാർ: നിരവധി കേസുകളിൽ പ്രതിയായ മേലുകാവ് സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തി മൃതദേഹം മൂലമറ്റത്ത് തേക്കിൻകൂപ്പിൽ തള്ളിയ കേസിൽ പിടിയിലായ പ്രതികൾ സ്ഥിരം കുറ്റവാളികളെന്ന് പോലീസ്. പലരും അടിപിടിക്കേസുകളിലും ലഹരിക്കേസുകളിലും പ്രതികളാണ്. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുക്കുന്ന ടെയിൽ റെയ്സ് കനാലിനു സമീപത്താണ് തേക്കിൻകൂപ്പിന്റെ ഓരത്ത് കുറ്റിക്കാട്ടിൽ പായയിൽ പൊതിഞ്ഞ് സാജൻ സാമുവലിന്റെ മൃതദേഹം കണ്ടെത്തിയത്.
മദ്യം, ലഹരിവസ്തുക്കൾ എന്നിവയ്ക്ക് അടിമകളായ സംഘാംഘങ്ങൾ നിരവധി കേസുകളിൽ പ്രതികളാണെന്നാണ് സൂചന. മോഷണം ഉൾപ്പെടെയുള്ള പല കേസുകളിലും നേരത്തെ ഇവർ പിടിയിലായിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഇവർ ഏതെങ്കിലും ഒരു സ്ഥലത്ത് സംഘം ചേരുകയും മദ്യപാനം ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇത്തരം സംഘം ചേരലിലാണ് കൊലപാതകം, മോഷണം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം പദ്ധതി തയാറാക്കിയിരുന്നത്. ഇന്നലെ രാവിലെ പോലീസ് അറസ്റ്റു ചെയ്ത ഷാരോണും കൊല്ലപ്പെട്ട സാജൻ സാമുവലും ചേർന്ന് പല ക്രിമിനൽ പ്രവർത്തനം നടത്തിയിരുന്നതായും സൂചനയുണ്ട്.
മൂലമറ്റം കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനം നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം ഇപ്പോൾ വർധിച്ചു വരുന്നതായി നാട്ടുകാർ പറയു ന്നു. തേക്കിൻകൂപ്പ്, റെയിൽ ടെയ്സ് കനാൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം, സ്വകാര്യ ബസ് സ്റ്റാൻഡ്, വിവിധ കോളനികൾ എന്നിവിടങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ ഇത്തരം സംഘങ്ങൾ തന്പടിക്കാറുണ്ട്.
രാത്രിയാകാൻ തുടങ്ങുന്നതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ടൗണിൽ ആളൊഴിയുന്പോഴാണ് ഇവർ പ്രദേശം കൈയടക്കുന്നത്. പലരും ഇരുട്ടിന്റെ മറപറ്റി ലഹരി കൈമാറ്റവും നടത്തുന്നു.
യുവാക്കളടങ്ങുന്ന സംഘങ്ങളാണ് ഇതിനു നേതൃത്വം നൽകുന്നത്. ഇതിന്റെ ചുവടു പിടിച്ചാണ് പല അക്രമസംഭവങ്ങളും അരങ്ങേറുന്നത്. മൂലമറ്റത്ത് തട്ടുകടയിലുണ്ടായ സംഘർഷത്തിനൊടുവിൽ ബസ് ജീവനക്കാരനായ യുവാവ് വെടിയേറ്റു മരിച്ച സംഭവം ഉണ്ടായതിനു ശേഷം മേഖലയിൽ പോലീസ് നിരീക്ഷണം കാര്യക്ഷമമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പോലീസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.