വെടിക്കെട്ടിനിടെ പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
1511141
Tuesday, February 4, 2025 11:52 PM IST
ഗാന്ധിനഗർ: വെടിക്കെട്ടിനിടെ തീപിടിത്തമുണ്ടായി ഗുരുതര പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടപ്പന ചേറ്റുകുഴി ചിറവക്കാട് ജോബി ചെറിയാൻ (38)നാണ് മരിച്ചത്. കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പഴയ കൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് വെടിക്കെട്ടിനിടെ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ജോബിക്ക് പൊള്ളലേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം. പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ടിനിടെ സമീപത്തെ സ്കൂളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീ പിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുനിന്ന ജോബിക്ക് ഗുരുതര പൊള്ളലേൽക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി തിങ്കളാഴ്ച വൈകുന്നേരം മരണപ്പെട്ടു. തുടർന്ന് ഇന്നലെ കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിഐ ഷെമീർ ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം ഇന്ന് നടക്കും.