സിപിഎം ജില്ലാ സമ്മേളനം: അരലക്ഷം പേരുടെ റാലി ഇന്ന്
1511460
Wednesday, February 5, 2025 11:06 PM IST
തൊടുപുഴ: സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. വൈകുന്നേരം ഗാന്ധി സ്ക്വയർ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ ജില്ലാ സമ്മേളനത്തിനു കൊടിയിറങ്ങും. അരലക്ഷം പേരുടെ പ്രകടനവും 10,000 പേരുടെ ചുവപ്പുസേനാ മാർച്ചും സമ്മേളനത്തിനു മുന്നോടിയായി നടക്കും. വൈകുന്നേരം നാലിന് രണ്ട് കേന്ദ്രങ്ങളിൽനിന്നാണ് പ്രകടനം ആരംഭിക്കുക.
തൊടുപുഴ വെസ്റ്റ്, മൂലമറ്റം, ഇടുക്കി, ഏലപ്പാറ, പീരുമേട്, കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം ഏരിയകളുടെ പ്രകടനം സിപിഎം വെസ്റ്റ് ഓഫീസ് പരിസരത്തുനിന്നും തൊടുപുഴ ഈസ്റ്റ്, കരിമണ്ണൂർ, അടിമാലി, രാജാക്കാട്, ശാന്തൻപാറ, മറയൂർ, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള പ്രകടനം വെങ്ങല്ലൂർ ഷാപ്പുംപടിയിൽനിന്നും തുടങ്ങും. 3.30ന് മങ്ങാട്ടുകവല സ്റ്റാൻഡ് പരിസരത്തുനിന്നാണ് ചുവപ്പുസേനാ മാർച്ച് പുറപ്പെടുക.
സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.രാജീവ്, കെ.കെ.ഷൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, വി.എൻ.വാസവൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സി.വി.വർഗീസ് എന്നിവർ പ്രസംഗിക്കും.
പ്രതിനിധി സമ്മേളനത്തിൽ പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ചർച്ചകളും നിർദേശങ്ങളും ഉയർന്നു. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിേ·ൽ നടന്ന ചർച്ചയിൽ ഒന്പത് വനിതകളടക്കം 40 പേർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, സി.വി.വർഗീസും മറുപടി പറഞ്ഞു. ഇന്നു രാവിലെ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സി.വി.വർഗീസ് തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
തൊടുപുഴയിൽ ഗതാഗത ക്രമീകരണം
തൊടുപുഴ: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നു നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനം, പ്രകടനങ്ങൾ, ചുവപ്പുസേനാ മാർച്ച് എന്നിവയ്ക്ക് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം നഗരത്തിൽ വെങ്ങല്ലൂർ ഷാപ്പുംപടി, തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിൽ നിന്നാണ് പ്രകടനങ്ങൾ ആരംഭിക്കുന്നത്. വിവിധ ഏരിയകളിൽ നിന്ന് എത്തുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണം ഇത്തരത്തിലാണ്.
തൊടുപുഴ ഈസ്റ്റ്, കരിമണ്ണൂർ, അടിമാലി, രാജാക്കാട്, ശാന്തൻപാറ, മൂന്നാർ, മറയൂർ ഏരിയകളിൽനിന്നെത്തുന്നവരെ ഷാപ്പുംപടിയിൽ ഇറക്കണം. മങ്ങാട്ടുകവല - വെങ്ങല്ലൂർ ബൈപാസ് റോഡിൽ ഉത്രം റീജൻസിക്ക് സമീപത്തെ മൈതാനത്തും ബൈപാസ് റോഡിന്റെ ഇടതുവശം ചേർന്നുള്ള പാർക്കിംഗ് സ്ഥലത്തും സിയാറ പെയിന്റ്സിന് സമീപം രണ്ടിടങ്ങളിലായും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തൊടുപുഴ വെസ്റ്റ്, മൂലമറ്റം, ഇടുക്കി, കട്ടപ്പന, ഏലപ്പാറ, പീരുമേട്, വണ്ടൻമേട്, നെടുങ്കണ്ടം ഏരിയകളിൽനിന്നെത്തുന്നവരെ തൊടുപുഴ-പുളിയൻമല റോഡിൽ മോർ ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് കോതായിക്കുന്ന് ആശിർവാദ് തിയറ്റർ ജംഗ്ഷനിൽ ഇറക്കി വാഹനങ്ങൾ ഇടത്തേയ്ക്ക് തിരിഞ്ഞ് കോലാനി ജംഗ്ഷനിൽ ചെന്ന് വെങ്ങല്ലൂർ ബൈപാസ് വഴി തോട്ടുപുറം പന്പിന് ചേർന്ന് വലതുവശത്തുകൂടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിലും പുളിമൂട്ടിൽ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.