സംയുക്ത ലോഡിംഗ് തൊഴിലാളി യൂണിയൻ ചരക്കുലോറി തടഞ്ഞു
1510849
Monday, February 3, 2025 11:38 PM IST
കട്ടപ്പന: ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചതായി ആരോപിച്ച് കട്ടപ്പനയിൽ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ സ്വകാര്യ സ്ഥാപനത്തിലേക്കെത്തിയ ചരക്കു ലോറി തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കാർഡ് സമ്പാദിച്ച് ലോഡിംഗ് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തുവന്നത്. 15 വർഷത്തിലധികമായി ചെയ്തിരുന്ന പണി നിഷേധിക്കുന്ന നിലപാടാണ് തൊഴിലുടമ സ്വീകരിക്കുന്നതെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.
ലോഡിംഗ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തി അനധികൃതമായി ലോഡിറക്കുന്ന സമീപനമാണ് തൊഴിലുടമ സ്വീകരിക്കുന്നതെന്നും ഇതിനെതിരേ മുൻപും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്ന് കോടതി വിധിയിലൂടെ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. മറ്റൊരു ഗോഡൗണിന്റെ പേരിൽ നേടിയ കോടതി ഉത്തരവ് കാണിച്ച് നിലവിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.