സഞ്ചാരികള്‍ക്ക് സ്വാഗതം; കാന്തല്ലൂരില്‍ ഇനി സ്ട്രോബറിയുടെ വിളവെടുപ്പ് കാലം
1511459
Wednesday, February 5, 2025 11:06 PM IST
അടിമാലി: കാന്തല്ലൂരില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി സ്ട്രോബറി മധുരം നുകരാം. മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹര കാഴ്ച്ചകൾക്കൊപ്പം വിളഞ്ഞുകിടക്കുന്ന ആപ്പിളും സ്ട്രോബറിയും കണ്ട് അവയുടെ മധുരം നുകരാനും സഞ്ചാരികള്‍ക്ക് അവസരമാകും.
പുതിയ സീസണിലേക്കായി മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ സ്ട്രോബറി കൃഷിയിറക്കിയിരുന്നു. ഈ സ്ട്രോബറികളുടെ വിളവെടുപ്പും ആരംഭിച്ചു.തോട്ടങ്ങളില്‍നിന്നും പറിച്ചെടുത്ത് അപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ക്ക് സ്ട്രോബറികള്‍ കൊണ്ടു പോകാം.
600 രൂപയാണ് സ്ട്രോബറിയുടെ വില്‍പ്പന വില. തോട്ടങ്ങളിലിറങ്ങി സ്ട്രോബറിയുടെ മധുരം നുകര്‍ന്ന് ആവശ്യാനുസരണം കായ്കള്‍ വാങ്ങിമടങ്ങാനുള്ള അവസരം കാന്തല്ലൂരിലുണ്ട്.സ്ട്രോബറികള്‍ വാങ്ങാന്‍ വിനോദസഞ്ചാരികളുടെ തിരക്കനുഭവപ്പെട്ട് തുടങ്ങി.
ഒൻപതു മാസക്കാലം കാന്തല്ലൂരില്‍ സ്ട്രോബറി വിളവെടുപ്പ് തുടരും.സ്ട്രോബറിയില്‍ നിന്നും ജാമടക്കമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുമുണ്ട്.
വിനോദ സഞ്ചാരവുമായി കോര്‍ത്തിണക്കിയാണ് കര്‍ഷകരിപ്പോള്‍ കാന്തല്ലൂരില്‍ സ്ട്രോബറി കൃഷി ചെയ്തു വരുന്നത്.