വനംമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി കരിങ്കൊടി പ്രതിഷേധം
1511136
Tuesday, February 4, 2025 11:52 PM IST
ഉപ്പുതറ: വനം -വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കൽപറമ്പലിന്റെ നേതൃത്വത്തിൽ മൂന്നു പ്രവർത്തകരാണ് വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് മന്ത്രിയെ കടത്തിവിട്ടത്.
കട്ടപ്പനയിൽനിന്നു പീരുമേട്ടിലേക്കുള്ള യാത്രയിൽ അയ്യപ്പൻകോവിൽ പരപ്പിൽവച്ചാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്കു ചാടി വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്.
ജില്ലയിൽ കൃഷിഭൂമിയുൾപ്പടെ വനമാക്കി മാറ്റുന്ന സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ചും വന്യജീവി ശല്യം തടയാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വനം വകുപ്പിന്റെ ഭരണ റിപ്പോർട്ടിൽ സിഎച്ച്ആറിനെ സംരക്ഷിത വനമാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് വനം മന്ത്രി എ.കെ. ശശിന്ദ്രനെ കരിങ്കൊടി കാണിച്ചത്. മന്ത്രി കുട്ടിക്കാനത്ത് എത്തിയപ്പോഴും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.