കനാൽവെള്ളം വീട്ടിൽ; ദുരിതത്തിൽ ഒരു കുടുംബം
1510846
Monday, February 3, 2025 11:38 PM IST
തൊടുപുഴ: കനാൽ തുറന്നു വിടുന്പോഴുള്ള വെള്ളം വീട്ടിൽ കയറുന്നതുമൂലം ഒരു കുടുംബം ദുരിതത്തിൽ. തൊടുപുഴ പട്ടയംകവല കല്ലുമാരി കണ്ടത്തിൻകര കെ.കെ.രാജപ്പനും കുടുംബവുമാണ് വർഷങ്ങളായി ദുരിതജീവിതം നയിക്കുന്നത്. എംവിഐപിയുടെ ഭാഗമായ വലതുകര കനാൽ കടന്നുപോകുന്ന പട്ടയം കവല കല്ലുമാരി കനാൽ റോഡിനു സമീപമാണ് രാജപ്പനും കുടുംബവും താമസിക്കുന്നത്.
കനാൽ റോഡ് നിരപ്പിൽ നിന്നും കുറച്ച് താഴെയായാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. കനാലിൽ വെള്ളം നിറയുന്പോൾ വീടും മുറ്റവും പരിസരവും വീടിനകത്ത് വരെ വെള്ളം നിറയുന്ന അവസ്ഥയാണ്. വർഷങ്ങളായി വീടിനു ചുറ്റും വീട്ടിലെ പരിസരവും വെള്ളക്കെട്ടിലാണെന്നും തറയുടെ അടിയിൽനിന്നു പോലും ഉറവയുണ്ടാകുന്നുണ്ടെന്നും രാജപ്പൻ പറയുന്നു. ഇതുമൂലം വീട്ടിലും പുറത്തും നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
രോഗങ്ങൾ കാരണം രാജപ്പനും ഭാര്യ രാജമ്മയ്ക്കും ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഒരു മകളും വീട്ടിലുണ്ട്. ക്ഷേമപെൻഷനാണ് ഏക ആശ്രയം. നാലേമുക്കാൽ സെന്റ് സ്ഥലത്താണ് ഈ നിർധന കുടുംബം താമസിക്കുന്നത്. മണ്കട്ട കൊണ്ട് നിർമിച്ച വീടിന്റെ മുറ്റവും പരിസരവും കനാൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.
പഴക്കം ചെന്ന കനാലിന്റെ ഉൾഭാഗത്തെ സിമന്റ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ കനാലിന്റെ ഉൾഭാഗത്തു നിന്നും പുറത്തേക്ക് ചോർച്ച ഉണ്ടാകുന്നുണ്ട്. കനാലിൽ സമയാ സമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തി സിമന്റ് തേക്കാത്തതും വൃത്തിയാക്കാത്തതും വെള്ളം ചോരാൻ കാരണമാകുന്നുണ്ട്. നിരവധി തവണ എംവിഐപി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ഈ കുടുംബം പറയുന്നു.