മണിയൻസിറ്റി-നാരങ്ങാനം റോഡ് നിർമാണം നിലച്ചിട്ട് ഒരു മാസം
1511132
Tuesday, February 4, 2025 11:52 PM IST
തൊമ്മൻകുത്ത്: കാളിയാർ റേഞ്ച് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാതെ മണിയൻസിറ്റി -നാരങ്ങാനം റോഡ്. ബിഎം-ബിസി നിലവാരത്തിൽ ജർമൻ സഹായത്തോടെ നിർമിക്കുന്ന നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡിന്റ ഭാഗമാണ് മണിയൻസിറ്റി മുതൽ നാരങ്ങാനം വരെയുള്ള ഭാഗം. ഇവിടെ ദ്രുതഗതിയിൽ റോഡ് നിർമാണം നടന്നു വരുന്നതിനിടെയാണ് റോഡു കടന്നുപോകുന്ന വഴിയരികിൽ അപകടകരമായ നിലയിൽ നിന്ന മരങ്ങൾ നാട്ടുകാർ വെട്ടിനീക്കിയത്.
മരങ്ങൾ മുറിക്കാൻ ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി അനുമതി നൽകിയിരുന്നു. ഇവ മുറിച്ചുമാറ്റി അപകടം ഒഴിവാക്കാൻ വനം വകുപ്പ് തയാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ മരം മുറിച്ചത്. ഇതിന്റെ പേരിൽ കെഎസ്ടിപി ഉദ്യോഗസ്ഥർക്കും കരാർ കന്പനി ജീവനക്കാർക്കുമെതിരെ വനം വകുപ്പ് കേസെടുത്തു. കേസിൽ ഹാജരാകാനും വനംവകുപ്പിന്റെ നോട്ടീസിനു മറുപടി നൽകാനും ഇരുകൂട്ടരും തയാറാകാത്തതിനാൽ റേഞ്ച് ഓഫീസർ നിർമാണം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകി.
നാട്ടുകാരുടെ ശക്തമായ എതിർപ്പിനെയും ജനപ്രതിനിധികളുടെ ഇടപെടലിനെയും തുടർന്ന് സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു. എന്നാൽ കേസിൽനിന്ന് ഒഴിവാക്കാതെ നിർമാണം തുടങ്ങില്ലെന്ന നിലപാട് കരാറുകാരൻ സ്വീകരിച്ചതോടെ നിർമാണം പൂർണമായും നിലച്ചു. ഇതോടെ അന്പതോളം കുടുംബങ്ങൾ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കരാർ ജീവനക്കാരുടെയും കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി ഇവരെ കേസിൽനിന്ന് ഒഴിവാക്കാൻ നടപടി തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ നിർമാണം തുടരുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നുമാണ് കാളിയാർ റേഞ്ച് ഓഫീസർ പറയുന്നത്.