വന്യജീവി ആക്രമണം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
1511128
Tuesday, February 4, 2025 11:52 PM IST
ഇടുക്കി: വന്യജീവി ആക്രമണം പ്രതിരോധിക്കാനുളള നടപടികൾ സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കുട്ടിക്കാനത്ത് ചേർന്നു. ജില്ലയിൽ നിരന്തരമായി ഉണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. പരിഹാരമാർഗങ്ങളുമായി ബന്ധപ്പെട്ട് തയാറാക്കിയ പദ്ധതി ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ആർ.എസ്.അരുണ്‍ അവതരിപ്പിച്ചു.
മേഖലയിൽ നാലു സ്ഥിരം ആർആർടി ടീമുകളും ഒൻപത് താത്കാലിക ഇന്റേണൽ ആർആർടികളും, കൂടാതെ ഒൻപത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൈറേഞ്ച് സർക്കിളിന് കീഴിൽ സോളാർ തൂക്കുവേലികൾ സ്ഥാപിക്കുന്ന പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നബാർഡ് പദ്ധതിയിൽ വിവിധ ഡിവിഷനുകളിലായി 171.50 കിലോമീറ്റർ, ആർകെവിവൈ കൃഷി വകുപ്പ് പദ്ധതിയിൽ 45.65 കിലോമീറ്റർ എന്നിങ്ങനെയാണ് സോളാർ തൂക്കുവേലി പദ്ധതി നടപ്പാക്കുന്നത്. ഇതു കൂടാതെ നബാർഡ് പദ്ധതിയിൽ 33.77 കിലോമീറ്ററും ആർകെവിവൈ പദ്ധതിയിൽ 1.45 കിലോമീറ്ററും പ്രതിരോധ കിടങ്ങും നിർമിക്കുന്നുണ്ട്. ഇവയുടെ നിർമാണ പുരോഗതി സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വനം വകുപ്പ് ആരംഭിച്ച വന്യജീവികൾക്കായി വനത്തിനുള്ളിൽ വെള്ളവും ആഹാരവും ഉറപ്പുവരുത്തുന്ന മിഷൻ ഫുഡ്, ഫോഡർ ആന്‍ഡ് വാട്ടർ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പിനെപ്പറ്റിയും ചർച്ച നടന്നു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ.പി. പുകഴേന്തി, വൈൽഡ് ലൈഫ് വാർഡൻ ആൻഡ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ആന്‍ഡ് ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ കോട്ടയം പി.പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.