ഭൂനിയമ ഭേദഗതി: ചട്ടം രൂപീകരിക്കണമെന്ന് പ്രമേയം
1511467
Wednesday, February 5, 2025 11:06 PM IST
തൊടുപുഴ: 1960 -ലെ ഭൂനിയമം ഭേദഗതി ചെയ്തെങ്കിലും ഒന്നരവർഷം പിന്നിട്ടിട്ടും ഇതു നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സമ്മേളനം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാൽ മാത്രമേ കർഷകർക്കു പ്രയോജനം ലഭിക്കുകയുള്ളൂ.
ജില്ലയിലെ കർഷകർക്കു നേരിട്ട് പ്രയോജനം ലഭിക്കുന്ന ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണം. ജില്ലയിൽ നിർമാണ ജോലിക്കാവശ്യമായ മണൽ, കരിങ്കല്ല് തുടങ്ങിയവ എടുക്കാനാവുന്നില്ല. അന്യ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും നിർമാണ സാമഗ്രികൾ കൊണ്ടവരുന്നത് ചെലവ് പതിൻമടങ്ങ് വർധിക്കാനിടയാക്കുന്നു. ഇതുമൂലം തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
2021നു ശേഷം ജില്ലയിൽ കൈവശഭൂമിക്ക് ഒരു പട്ടയം പോലും നൽകിയിട്ടില്ല. ലാൻഡ് അസൈൻമെന്റ് ഓഫീസുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഷോപ്പ് സൈറ്റുകൾക്കും കൃഷിക്കാരുടെ ഭൂമിക്കും അയ്യപ്പൻകോവിൽ പദ്ധതി പ്രദേശത്തെ അവശേഷിക്കുന്ന മൂന്നു ചെയിൻ ഭൂമിക്കും അടിയന്തരമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തേയില, ഏലം, റബർ, കാപ്പി തോട്ടങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ സ്ഥിതി പരിതാപകരമാണെന്നും സമ്മേളനം വിലയിരുത്തി. തൊഴിലാളികളുടെ കൂലി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ കൂലിയേക്കാളും താഴെയാണ്. കൂലി കാലോചിതമായി പരിഷ്കരിക്കണം. തൊഴിലാളികൾ തമസിക്കുന്ന ലയങ്ങളുടെ സ്ഥിതി ശോചനീയമായതിനാൽ തോട്ടം മേഖലയിലെ തരിശുഭൂമി ഉപയോഗപ്പെടുത്തി തൊഴിലാളികൾക്കായി ഭവന പദ്ധതി നടപ്പാക്കണം.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിലെ ഭൂമിക്ക് അമിത താരിഫ് ചുമത്തിയ നടപടി അടിയന്തരമായി പിൻവലിക്കണം, തൊടുപുഴ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം എന്നി ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.