കിണറ്റിൽ കുടുങ്ങിയ രണ്ടു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1510855
Monday, February 3, 2025 11:38 PM IST
തൊടുപുഴ: കിണറ്റിൽ അകപ്പെട്ട രണ്ടുപേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഉടുന്പന്നൂർ പള്ളിക്കാമുറിയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കിണറ്റിൽ വീണയാളെയും രക്ഷിക്കാനായി ഇറങ്ങിയ നാട്ടുകാരനെയുമാണ് തൊടുപുഴ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. ഉടുന്പന്നൂർ സ്വദേശി ആശാരിപറന്പിൽ ഹസൻ ഉമ്മർ (60) ആണ് കിണറ്റിൽ വീണത്.
പനച്ചിക്കൽ സിദ്ദിഖിന്റെ തോട്ടത്തിൽ റബർ വെട്ടുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്ത കിണറിന് 25 അടി താഴ്ചയും മൂന്നടിയോളം വെള്ളവും ഉണ്ടായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ സമീപവാസിയായ നെല്ലിശേരിയിൽ അലിയാർ കൊന്താലം കിണറ്റിൽ ഇറങ്ങി ഹസനെ വെള്ളത്തിൽനിന്ന് ഉയർത്തി നിർത്തുകയും ചെയ്തു.
എന്നാൽ പുറത്തെത്തിക്കാൻ സാധിക്കാത്തതിനാൽ സഹായത്തിനായി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽനിന്നു സീനിയർ ഫയർ ഓഫീസർ ബിബിൻ എ.തങ്കപ്പന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. തുടർന്ന് റെസ്ക്യു നെറ്റിൽ രണ്ടു പേരെയും പുറത്തെത്തിയ്ക്കുകയായിരുന്നു. ഹസൻ ഉമ്മറിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ഓഫീസർ പി.എൻ.അനൂപ്, ഫയർ ഓഫീസർമാരായ എൻ.എസ്.അജയ്കുമാർ, എസ്.ശരത്, എഫ്.എസ്.ഫ്രിജിൻ, ഹോം ഗാർഡ് ടി.കെ.മുസ്തഫ, സിവിൽ ഡിഫൻസ് വോളണ്ടിയർ അൻസാരി മുഹമ്മദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കിണറുകൾക്ക് ചുറ്റുമതിലും, ഉറപ്പുള്ള ഗ്രില്ലും സ്ഥാപിക്കാത്തത് മൂലം മനുഷ്യരും, വളർത്തുമൃഗങ്ങളും അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതായും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തൊടുപുഴ അഗ്നി രക്ഷാ സേനാ അധികൃതർ പറഞ്ഞു.