ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് മുൻഗണന നൽകും: പ്രതിപക്ഷ നേതാവ്
1510528
Sunday, February 2, 2025 6:54 AM IST
അടിമാലി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് മുന്‍ഗണനയിലുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മലയോര സമര പ്രചാരണ യാത്രയില്‍ അടിമാലിയില്‍ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമവത്കരിക്കാൻ സര്‍ക്കാര്‍ ഫീസ് ഈടാക്കാന്‍ പോകുകയാണ്. അത് യുഡിഎഫ് അനുവദിക്കില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു രൂപ വാങ്ങിക്കാതെ പട്ടയഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവത്കരിക്കുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
മലയോര സമര പ്രചാരണയാത്രയ്ക്ക് ജില്ലയില്‍ ഉജ്വല വരവേൽപ്പാണ് നൽകിയത്. അടിമാലി, കട്ടപ്പന, കുമളി എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തുറന്നുകാട്ടിയുമാണ് യുഡിഎഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചാരണ ജാഥ നടത്തുന്നത്. അടിമാലിയില്‍ ആരംഭിച്ച പ്രചരണയാത്രയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണമൊരുക്കി.
സ്വീകരണ സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. ഭൂപ്രശ്നങ്ങള്‍, വന്യജീവി ആക്രമണം, പട്ടയ പ്രശ്നങ്ങള്‍, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് യുഡിഎഫ് മലയോര സമര പ്രചാരണ ജാഥയിലൂടെ ഉന്നയിച്ചത്.
ഡീൻ കുര്യാക്കോസ് എംപി, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എംഎൽഎ, വി.പി. സജീന്ദ്രൻ, മുൻ മന്ത്രി ടി.യു. കുരുവിള, അഡ്വ. എസ്. അശോകൻ, ഐ.കെ. രാജു, സിസിസി പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.