ബോധവത്കരണം പോരാ, ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ വർധിക്കുന്നു
1510650
Sunday, February 2, 2025 11:41 PM IST
തൊടുപുഴ: ബോധവത്കരണം ഏശുന്നില്ല. ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകളും വെർച്വൽ അറസ്റ്റും ഉൾപ്പെടെയുള്ള കേസുകളുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ രണ്ടര കോടിയുടെ തട്ടിപ്പാണ് ജില്ലയിൽ നടന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ഓണ്‍ലൈൻ ട്രേഡിംഗ് എന്ന പേരിലാണ് ജില്ലയിൽ തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. തട്ടിപ്പുകാർ ഇരകളെ വാട്സാപ് ഗ്രൂപ്പുകളിൽ ചേർത്ത് പിന്നീട് അവർ നിർദേശിക്കുന്ന ട്രേഡിങ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കും. ഇത്തരം ആപ്പുകളിൽ യഥാർഥ ഓഹരി വ്യാപാരത്തിന് പകരം പേപ്പർ ട്രേഡിംഗാണ് നടക്കുന്നത്.
മെസേജിംഗ് ആപ്പുകളും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നുണ്ട്. കുമളി ചക്കുപള്ളംസ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി ഓണ്‍ലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയതാണ് ഒടുവിലത്തെ സംഭവം. സംഭവത്തിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു. 25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 19 കേസുകളിൽ നിന്നായി 4,10,16,857 രൂപയുടെ തട്ടിപ്പാണ് നടന്നത്.
ജാഗ്രത പ്രധാനം
പല തരത്തിലുള്ള തട്ടിപ്പുകളാണ് ജില്ലയിൽ അരുങ്ങേറുന്നത്. വാട്സ്ആപ്പുകളിലും ഇ-മെയിലിൽ വഴിയും ലഭിക്കുന്ന മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. തട്ടിപ്പ് സംഘം നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് സൂക്ഷിക്കണം. അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഓണ്‍ലൈൻ തട്ടിപ്പ് ട്രേഡിംഗുകളിൽ തുടക്കത്തിൽ ലാഭം ലഭിക്കും. തുടർന്ന് വലിയ തുക മുടക്കുന്നതോടെ ആപ്പും സൈറ്റും പ്രവൃത്തിക്കാതെ വരും. ഇതോടെ വിളിച്ചുകൊണ്ടിരുന്ന ഫോണ്‍ നന്പറുകളും നിശ്ചലമാകും. ഇ-മെയിൽ, ഫോണ്‍, എസ്എംഎസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാനത്തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കും.
തുടർന്ന് നിശ്ചിത തുക സർവീസ് ചാർജ് എന്ന വ്യാജേന ഇരകളിൽ നിന്ന് കൈപ്പറ്റും. സമ്മാനത്തുക ലഭിക്കില്ല. ഇതും മറ്റൊരു പ്രധാന തട്ടിപ്പാണ്. ഇ-മെയിൽ, ഓണ്‍ലൈൻ പരസ്യങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളുമുണ്ട്. ഇതു വിശ്വസിച്ച് നിക്ഷേപിക്കുന്നവരുടെ കൈയിലുള്ള പണം തട്ടിയെടുക്കും. ചുരുങ്ങിയ വിവരങ്ങൾ നൽകി വേഗത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുണ്ട്. ഈ ആപ്പുകളിൽ പലതും അമിത പലിശ നിരക്കുകളോ മറ്റ് ഫീസുകളോ ഈടാക്കും.
വായ്പയെടുത്തവർ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്പോൾ അപകീർത്തിപ്പെടുത്തലും ഭീഷണിയുമുൾപ്പെടെ പല തന്ത്രങ്ങളും നടത്തും. കെവൈസി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പുതുക്കൽ, കാലഹരണപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഒൗദ്യോഗിക ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെടും. ഇത്തരത്തിൽ പണം നഷ്ടമായവരും ഏറെയാണ്.
ഗോൾഡൻ അവർ
വീട്ടിലിരുന്നും കൂടുതൽ സന്പാദിക്കാം എന്നുള്ള വ്യാജവാഗ്ദാനങ്ങളിലും ഏറെപ്പേർ കുടുങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്.മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിനു തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത്പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പിനിരയായാൽ പരിഭ്രാന്തരാകാതെ പരാതി നൽകിയാൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരുമണിക്കൂറിനകം തന്നെ (ഗോൾഡൻ അവർ) വിവരം 1930-ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് www.cybercrime gov.inഎന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്