ജനവാസമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി
1510649
Sunday, February 2, 2025 11:41 PM IST
മൂലമറ്റം: പന്നിഫാമിന്റെ മറവിൽ ജനവാസ മേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി. മൂലമറ്റം ആഡിറ്റിന് സമീപം സ്വകാര്യ വ്യക്തി പന്നി ഫാം നടത്തുന്നതിനായി പാട്ടത്തിനു നൽകിയ സ്ഥലത്താണ് മാലിന്യം തള്ളുന്നത്. വിദേശികളുടെ പേരിലാണ് സ്ഥലം പാട്ടത്തിനെടുത്തിരുന്നത്. കാഞ്ഞാർ സ്വദേശിയെ ഇവർ ഫാം നടത്തിപ്പിനായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇയാൾ എറണാകുളത്തുനിന്നും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഫാമിനു സമീപത്തെ പുരയിടത്തിൽ തള്ളുകയും കത്തിക്കുകയുമാണെന്നാണ് പരാതി.
ഇതിനു പുറമേ ഫാമിലെ ബയോ ഗ്യാസ് പ്ലാന്റ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകി ദുർഗന്ധവും ഈച്ചശല്യവും വ്യാപകമാണ്. പഞ്ചായത്ത് സെക്രട്ടറിക്കും കാഞ്ഞാർ പോലീസിലും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ഇതിനിടെ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത സ്ഥലമുടമയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാനുള്ള ശ്രമവും ഉണ്ടായി.
ഈ പുരയിടത്തിനു സമീപത്തായി നൂറു കണക്കിനാളുകൾ കുടിവെള്ളം ഉപയോഗിക്കുന്ന ജല സംഭരണിയും സ്ഥിതി ചെയ്യുന്നുണ്ട്. ഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥലമുടമ പരാതി നൽകിയിരിക്കുന്നത്.