വരള്‍ച്ചാ ദുരിതാശ്വാസ ധനസഹായം: സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പുപറയണമെന്ന് കേരള കോണ്‍ഗ്രസ്
1510522
Sunday, February 2, 2025 6:53 AM IST
നെടുങ്കണ്ടം: വരള്‍ച്ചാ ദുരിതാശ്വാസത്തുക കര്‍ഷകര്‍ക്ക് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2024ലെ കനത്ത വേനലില്‍ ഏലം, കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ ഉണങ്ങി നശിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചത്. അപേക്ഷ നല്‍കുന്നവര്‍ക്ക് കാലതാമസം ഇല്ലാതെ പണം നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു രൂപ പോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല.
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നെടുങ്കണ്ടം - 1300, ഉടുമ്പന്‍ചോല - 300, വണ്ടന്മേട് - 1800, ഇരട്ടയാര്‍ - 700, കരുണാപുരം - 1500, പാമ്പാടുംപാറ - 1300, രാജകുമാരി - 850, രാജാക്കാട് - 600, സേനാപതി - 500, ശാന്തന്‍പാറ - 1000 എന്നിങ്ങനെ 9,850 അപേക്ഷകളാണ് കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുന്നത്. ഏലത്തിന് ഒരു സെന്റിന് 100 രൂപ പ്രകാരവും ജാതി ഒരെണ്ണത്തിന് 800 രൂപയും കുരുമുളക് ഒരു മൂടിന് 150 രൂപയും കാപ്പി ഒന്നിന് 200 രൂപയും വാഴ ഒന്നിന് 100 രൂപയുമാണ് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായധനം പറഞ്ഞിരുന്നത്.
ധനസഹായം നല്കാന് കഴിയാത്ത ഇടതു സര്‍ക്കാരും വകുപ്പുമന്ത്രിയും രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജോജി ഇടപ്പള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍, എന്‍.ജെ. ചാക്കോ, എം.ജെ. കുര്യന്, ജോയി കണിയാംപറമ്പില്‍, ബിജു അക്കാട്ടുമുണ്ട, സിബി കൊച്ചുവള്ളാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.