കർഷക ഐക്യവേദിയുടെ സമരത്തിൽ പ്രതിഷേധം അലയടിച്ചു
1510645
Sunday, February 2, 2025 11:41 PM IST
മറയൂർ: മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ നിയമമുണ്ടെങ്കിലും സർക്കാർ ഇതിനു തയാറാകുന്നില്ലെന്ന് നിലന്പൂർ മുൻ എംഎൽഎ പി.വി.അൻവർ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കിരാത മർദനത്തിനെതിരേ കർഷക സംയുക്ത ഐക്യവേദിയുടെ നേതൃത്വത്തിൽ മറയൂർ ടൗണിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 1500 പേരാണ് വന്യമൃഗആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ എത്ര മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സർക്കാർ തയാറായി. വയനാട്ടിൽ സമീപനാളിൽ കടുവയുടെ ആക്രമണത്തിൽ രാധയെന്ന സ്ത്രീ കൊല്ലപ്പെട്ടപ്പോൾ കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടെങ്കിൽ ഈ നാട്ടിൽ ഇതിനു നിയമമുണ്ടെന്ന് വ്യക്തമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ നിയമം ഉപയോഗപ്പെടുത്തുന്പോൾ ഇവിടെ ഇതിനു തയാറാകുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വനം-വന്യജീവി സംരക്ഷണമാണ് തന്റെ വകുപ്പെന്നാണ് വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്.
രാധയുടെ മൃതദേഹം മറവുചെയ്യുന്നതിനു മുന്പ് വനംമന്ത്രി കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടുപാടുകയായിരുന്നു. വയനാട്ടിലെ ജനങ്ങൾ മതവും രാഷ്ട്രീയവും മാറ്റിവച്ച് ഒന്നായ സമയത്താണ് ജനങ്ങളെ വെല്ലുവിളിച്ച് മന്ത്രി പാട്ടുപാടാൻ പോയത്. വനം-വന്യജീവി വകുപ്പ് ഏറ്റെടുക്കാൻ സിപിഎം ഒരുഘട്ടത്തിലും തയാറാകുന്നില്ല.
ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാനാണ് ഇവരുടെ ശ്രമം. കർഷക-തൊഴിലാളി വിരുദ്ധ നേതൃത്വമായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാറിയിരിക്കുകയാണ്. കർഷകരെയും തൊഴിലാളികളെയും പാടെ മറന്ന് കോർപ്പറേറ്റുകൾക്കൊപ്പം ചേർന്ന് കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെറുവിരലനക്കാൻ എൽഡിഎഫ് തയാറാകുന്നില്ല. നന്ദിഗ്രാമിലേയും സിങ്കൂരിലേയും അവസ്ഥയിലേക്ക് കേരളത്തിന്റെ കാർഷിക മേഖല അടിവച്ച് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ പശ്ചിമ ബംഗാളിൽ സംഭവിച്ച അതേ അവസ്ഥ കേരളത്തിൽ സംഭവിക്കാൻ പോകുന്നുവെന്ന യാഥാർഥ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.ജോണി കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ബിനോയി തോമസ്, അഡ്വ.എ.ഐ.ജോസഫ്, അഡ്വ.സുമിൻ എസ്. നെടുങ്ങാടൻ, റസാക്ക് ചൂരവേലി, മാത്യു ജോസ് ആറ്റുപുറം, ഡോ. ജോസുകുട്ടി ഒഴുകയിൽ, പി.എൻ. സുനിൽ, റോജർ സെബാസ്റ്റ്യൻ, ഗഫൂർ വെണ്ണിയോട്, സുജിമാസ്റ്റർ, പി.എം. ബേബി, ജോണ് മാത്യു, ജിന്നറ്റ് മാത്യു, ജോർജ് സിറിയക്, ഷൈജു തിരുനെല്ലൂർ, ഡയസ് പുല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.