മീനുളിയാംപാറ: തടസം നീക്കണമെന്ന്
1510648
Sunday, February 2, 2025 11:41 PM IST
വണ്ണപ്പുറം: മുള്ളരിങ്ങാട്, പട്ടയക്കുടി പ്രദേശങ്ങളുടെ വികസനത്തിന് ഏറെ സഹായകരമായ മീനുളിയാംപാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന വിലക്ക് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ പട്ടയക്കുടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നൂറുകണക്കിന് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തൊമ്മൻകുത്ത് ,ആനയാടിക്കുത്ത്, കാറ്റാടിക്കടവ്, കോട്ടപ്പാറ, മീനുളിയംപാറ എന്നീ പ്രദേശങ്ങൾ കൂട്ടിയിണക്കി ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന മീനുളിയാംപാറയിൽ വനംവകുപ്പ് അധികൃതർ ചങ്ങല സ്ഥാപിച്ച് പ്രവേശനം തടസപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ആയിരക്കണക്കിനാളുകളാണ് മഞ്ഞിന്റെ വിസ്മയകാഴ്ച കാണാൻ കോട്ടപ്പറയിൽ എത്തുന്നത്. ഇത്തരം സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കാനായാൽ നാടിന്റെ മുഖഛായ മാറുകയും ഇതിലൂടെ നിരവധിപ്പേർക്ക് ജോലിയും കൂടുതൽ വരുമാനവും സന്പാദിക്കാൻ സാധിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പട്ടയക്കുട്ടിയിൽ വർഗീസ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐ ജില്ലാ കൗണ്‍സിൽ അംഗം പി.പി. ജോയി ഉത്ഘാടനം ചെയ്തു. കെ.ആർ.സാൽ മോൻ, വി.കെ. സതീശൻ, വി.ഇ. ശിവദാസ്, തോമസ് കുരീലംകാട്ടിൽ, അനിൽകുമാർ, രഘുമാറാടിൽ എന്നിവർ പ്രസംഗിച്ചു. വർഗീസ് ജോർജ്- സെക്രട്ടറി, യു.എസ്. അനിൽകുമാർ-അസി. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.