ഇരുചക്രവാഹന തട്ടിപ്പ്: നെടുങ്കണ്ടം മേഖലയില്‍ 10 കോടിയിലധികം തട്ടിയെടുത്തതായി സൂചന
1510526
Sunday, February 2, 2025 6:53 AM IST
നെടുങ്കണ്ടം: പകുതി വിലയ്ക്ക് ഇരുചക്രവാഹനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നെടുങ്കണ്ടം മേഖലയില്‍ നിരവധി വനിതകള്‍ ഇരകളായി.
മൂന്നു കോടിയിലധികം രൂപ തട്ടിയതായി പരാതികള്‍ ലഭിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ഇന്നലെ മാത്രം 400 പേരില്‍നിന്ന് രണ്ടേകാല്‍ കോടി രൂപ നഷ്ടപ്പെട്ടതായുള്ള പരാതികളാണ് ലഭിച്ചത്. 70 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി അനന്ദു കൃഷ്ണന് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ കൂട്ടമായെത്തി പരാതി നല്‍കിയത്.
സീഡ് സൊസൈറ്റികള്‍ മുഖേന പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍, തയ്യല്‍ മെഷീനുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ലാപ്ടോപ്പുകള്, വളങ്ങള്‍ തുടങ്ങിയവ നല്‍കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ ഘട്ടത്തില്‍ കുറെയധികം പേര്‍ക്ക് ഇവ ലഭിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ വലിയ ആഘോഷമായാണ് ഇവ വിതരണം ചെയ്തത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ സൊസൈറ്റിയില്‍ അംഗത്വമെടുത്ത് പണം അക്കൗണ്ട് വഴി കൈമാറിയത്.
സീഡ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയമിച്ച് വാര്‍ഡടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോ-ഓര്‍ഡിനേറ്റര്‍മാരും പ്രൊമോട്ടര്മാരുമാക്കിയത്. ഇതോടെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞു. ഇതിനാലാണ് കൂടുതല്‍ പേര് സൊസൈറ്റിയില്‍ അംഗത്വമെടുത്ത് പണം നല്‍കിയത്.
ഇന്നലെ ലഭിച്ച പരാതികളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരില്‍നിന്നും പ്രൊമോട്ടര്‍മാരില്‍നിന്നും മൊഴി രേഖപ്പെടുത്തി അനന്ദു കൃഷ്ണനെതിരേ കേസെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 10 കോടി രൂപയിലധികം നെടുങ്കണ്ടം മേഖലയില്‍നിന്നു തട്ടിയെടുത്തതായാണ് സൂചന.