കല്ലാര്‍ ഡൈവേര്ഷന് ഡാമിനു സമീപം പുല്മേട്ടിനു തീ പിടിച്ചു
1510653
Sunday, February 2, 2025 11:41 PM IST
നെടുങ്കണ്ടം: കല്ലാര്‍ ഡൈവേര്ഷന് ഡാമിനു സമീപം കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പുല്മേട്ടില് തീ പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് ഡാമിനു സമീപത്തെ പാറക്കെട്ടുകളില്‍ തീപിടിത്തം ഉണ്ടായത്. പാറക്കെട്ടുകളിലുണ്ടായിരുന്ന ഉണങ്ങിയ പുല്ലുകളും ചെറിയ മരത്തൈകളും കത്തിനശിച്ചു.
രണ്ടേക്കറോളം സ്ഥലത്ത് തീ പടര്‍ന്നു. തൊട്ടു മുകളിലായി നിരവധി വീടുകളുണ്ട്. തീ ഉയരുന്നത് കണ്ട ഡാമിലെ സെക്യൂരിറ്റി ജീവനക്കാര്‍ നെടുങ്കണ്ടം ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് വാഹനം തീപിടിത്തം നടന്നതിന് അടുത്തുവരെ എത്താന്‍ സാധിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വടിയും മറ്റും ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയായിരുന്നു.
തീ വീടുകളിലേക്കു വ്യാപിക്കാതിരിക്കാന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സമീപത്തെ വീടുകളില്‍നിന്നു വെള്ളം എത്തിച്ച് നനയ്ക്കുകയും ചെയ്തു.
ഒരു മണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നാണ് സൂചന. എല്ലാ വര്‍ഷവും പതിവായി പ്രദേശത്ത് തീപിടിത്തം ഉണ്ടാകാറുണ്ട്.