സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും
1510524
Sunday, February 2, 2025 6:53 AM IST
തൊടുപുഴ: നാളെമുതല്‍ ആറുവരെ തൊടുപുഴയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി ജില്ലയിൽ ജനകീയ വികസന സെമിനാറുകള്‍ സംഘടിപ്പിച്ചു.
സമ്മേളനത്തിന്റെ വിളംബരമായി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. മോഹനന് നയിക്കുന്ന കൊടിമരജാഥ നെടുങ്കണ്ടത്തുനിന്ന് ആരംഭിക്കും. ജില്ലാ സെക്രട്ടേറിയറ്റംഗം വി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്യും. കെ.വി. ശശി ക്യാപ്റ്റനാകുന്ന കപ്പി, കയര്‍ജാഥ വട്ടവടയില്‍നിന്ന് ആരംഭിക്കും. എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്. തിലകന്റെ നേതൃത്വത്തില്‍ കറുപ്പുപാലത്തുനിന്ന് ആരംഭിക്കുന്ന പതാകജാഥ എം.എം. മണി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ ഇരട്ടയാറില്‍ ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. എല്ലാ ജാഥകളും നാളെ വൈകുന്നേരം അഞ്ചിന് മങ്ങാട്ടുകവലയില്‍ സംഗമിച്ച് പൊതുസമ്മേളന നഗറിലെത്തും. തുടര്‍ന്ന് വി.വി. മത്തായി പതാക ഉയര്‍ത്തും.
നാലിനു രാവിലെ പത്തിനു നടക്കുന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണന്, പി. രാജീവ്, സി.എസ്. സുജാത എന്നിവര്‍ പ്രസംഗിക്കും. 355 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പൊതുസമ്മേളനം ആറിന് വൈകുന്നേരം അഞ്ചിന് ഗാന്ധി സ്ക്വയര്‍ മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. ഇതിനു മുന്നോടിയായി 50,000 പേര് അണിനിരക്കുന്ന പ്രകടനം വൈകുന്നേരം നാലിന് രണ്ടു കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കും. 3.30ന് മങ്ങാട്ടുകവല സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 10,000 പേരുടെ ചുവപ്പുസേനാ മാര്‍ച്ചും നടക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, സ്വാഗതസംഘം കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍, ട്രഷറര്‍ ടി.ആര്. സോമന്, ജില്ലാ കമ്മിറ്റിയംഗം കെ.എല്‍. ജോസഫ് എന്നിവരും പങ്കെടുത്തു.