തൊടുപുഴ ഫെസ്റ്റ് ഇന്നു സമാപിക്കും
1510523
Sunday, February 2, 2025 6:53 AM IST
തൊടുപുഴ: എം. ജിനദേവന് സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെയും വെങ്ങല്ലൂര്‍ നേച്ചര്‍ ഫ്രഷ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊടുപുഴ ഫെസ്റ്റ് ഇന്ന് സമാപിക്കും. ഫെസ്റ്റിന്റെ ജനപങ്കാളിത്തം പരിഗണിച്ച് എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനത്തോടെ തുടങ്ങി ജനുവരി ആദ്യം അവസാനിക്കുന്ന തരത്തില്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാഡ്സിന്റെ സഹകരണത്തോടെ കാര്‍ഷികവിള പ്രദര്‍ശനും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഫെസ്റ്റിനോടനുബന്ധിച്ച് നടത്തി. സെമിനാറുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോപ്രദർശനത്തിൽ ഷിയാസ് ബഷീര്‍ ഒന്നാം സ്ഥാനവും അജേഷ് ഇടവെട്ടി രണ്ടാം സ്ഥാനവും നേടി. ജിഷ്ണു പൊന്നപ്പന്, റെജു അര്‍നോള്‍ഡ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഇന്നു വൈകുന്നേരം അഞ്ചിന് മുരുകന് കാട്ടക്കാടയുടെ കവിയരങ്ങ് നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി സബീന ബിഞ്ചു, ചെയര്മാന് രാജീവ് പുഷ്പാംഗദന്, കണ്‍വീനര്‍ ഡോ. കെ.കെ. ഷാജി, സമിതിയംഗം വി.ബി. വിനയന് എന്നിവര്‍ പങ്കെടുത്തു.