യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും: വി.ഡി. സതീശൻ
1510527
Sunday, February 2, 2025 6:53 AM IST
കട്ടപ്പന: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ അധികാരത്തിലെത്തുമെന്നും മലയോര മേഖലയിലെ ജനങ്ങളുടെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മലയോര സമര പ്രചാരണജാഥയ്ക്ക് കട്ടപ്പനയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇത് പിണറായി വിജയന്റെ 18,000 കോടി രൂപയുടെ ഇടുക്കി പദ്ധതി പോലെയാകില്ല. ഉമ്മന്‍ചാണ്ടി മലയോര കര്‍ഷകര്‍ക്കു നൽകിയ വാക്കാണേ സത്യം, യുഡിഎഫ് അധികാരത്തില്‍ വരും, വന്നാല്‍ വാക്ക് പാലിക്കും. പിണറായി വിജയന് പ്രഖ്യാപിച്ച ഇടുക്കി പാക്കേജിനെക്കുറിച്ച് നിയമസഭയില്‍ ചോദിച്ചപ്പോള്‍ 52 കോടി രൂപ ചെലവാക്കിയെന്നാണ് മറുപടി നല്‍കിയത്. ഇത് സാധാരണ പദ്ധതി വിഹിതമാണ്.
ഇതാണ് ഇടുക്കി പാക്കേജായി നിയമസഭയില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടത്. 1964ലെ ഭൂപതിവു ചട്ടപ്രകാരം നല്കിയ ഭൂമിയില്‍ നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ ഒരുരൂപപോലും ഈടാക്കാതെ ക്രമവത്കരിച്ചു നല്‍കും. പട്ടയവിഷയങ്ങളിലും സിഎച്ച്ആര്‍ വിഷയത്തിലും നിലവിലുള്ള കോടതി ഉത്തരവുകള്‍ പിന്‍വലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും ഇടുക്കി പദ്ധതിയിടെ പത്ത് ചെയിന്‍ മേഖലകളിലും കര്‍ഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കും.
വന്യജീവി ആക്രമണം തടയാന്‍ പരമ്പരാഗത രീതിയിലും ആധുനിക രീതിയിലുമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണം തടയാന്‍ ആധുനിക രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ വനാതിര്‍ത്തി വിട്ടാല്‍ ജനങ്ങള്‍ക്ക് അലര്‍ട്ട് നല്‍കാനുള്ള സംവിധാനം നിലവിലുള്ളതാണ്.
എല്‍ഡിഎഫ് ഭൂമി കൈയേറ്റക്കാര്‍ക്കൊപ്പവും യുഡിഎഫ് കുടിയേറ്റക്കാര്ക്കൊപ്പവുമാണ്. പട്ടയകേസില്‍ കോടതിയില്‍ കുടിയേറ്റക്കാരുടെ ഭൂമിയെ സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് മിണ്ടാതിരുന്നതാണ് വിനയായത്. സിഎച്ച്ആര്‍ റവന്യു ഭൂമിയാണെന്നാണു 2016വരെ സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചിരുന്നത്. അതിനു ശേഷമാണ് സിഎച്ച്ആര്‍ വനഭൂമിയാണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
വനം സംരക്ഷിക്കണമെന്ന നിലപാടുതന്നെയാണ് യുഡിഎഫിന്റേത്. സംസ്ഥാനത്ത് 30 ശതമാനം വനം നിലവിലുണ്ട്. ഇതില്‍ കൂടുതല്‍ വനം ആവശ്യമില്ല. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. മലയോര ജനതയേയും തീരദേശ ജനതയേയും സംരക്ഷിക്കുകയെന്നതാണ് യുഡിഎഫിന്റെ നയം. കഴിഞ്ഞ നിയമസഭയില്‍ മലയോര കര്‍ഷകരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആറു സബ്മിഷനുകള്‍ താന്‍ ഉന്നയിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടന്ന യോഗം പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.കെ. പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, അഡ്വ. ഇ.എം. ആഗസ്തി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.