ടോറസ് ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
1510630
Sunday, February 2, 2025 11:11 PM IST
രാജാക്കാട്: ടോറസ് ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. കന്പിളികണ്ടം തെള്ളിത്തോട് കൂടാരത്തിൽ ആകാശ് (42) ആണ് മരിച്ചത്.
ഇന്നലെ തമിഴ്നാട്ടിൽനിന്നു പാറപ്പൊടിയുമായി ആനച്ചാൽ ഭാഗത്തേക്കു പോയ ടോറസ് ലോറിയാണ് ഉടുന്പൻചോല-രണ്ടാംമൈൽ റോഡിൽ കൊച്ചുപ്പ് ടൗണിന് സമീപം രാവിലെ ഏഴരയോടെ അപകടത്തിൽപ്പെട്ടത്. വഴി മുൻപരിചയം ഇല്ലാത്തതിനാൽ വളവിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മണ്‍തിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ ഞെരിഞ്ഞമർന്നു പോയി. ഓടിയെത്തിയ നാട്ടുകാർ ലോറി പിന്നോട്ടു വലിച്ചുനീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ജെസിബി ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് അതിൽ കുടുങ്ങിയ ആകാശിനെ രാജാക്കാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശ് വഴിതെറ്റി ജോസ്ഗിരി വഴി വന്നതാണെന്ന് സംശയിക്കുന്നു. എല്ലക്കൽ സ്വദേശിയുടെതാണ് ലോറി. ടോറസ് ലോറിയുടെ സ്ഥിരം ഡ്രൈവർക്ക് അസുഖമായതിനാൽ രണ്ടു ദിവസത്തേക്ക് പകരക്കാരനായി വന്നതായിരുന്നു ആകാശ്.
ഭാര്യ: ഹർഷ, മക്കൾ: അജൽ അഥർവ്, ആലോക്, ആദിദേവ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നാളെ 10ന് വീട്ടുവളപ്പിൽ.