വനംവകുപ്പ് അധികൃതർ ഹാജരാകണം: ന്യൂനപക്ഷ കമ്മീഷൻ
1497257
Wednesday, January 22, 2025 3:31 AM IST
ഇടുക്കി: ജില്ലയിലെ വന്യമൃഗ ആക്രമണങ്ങളിലും മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലും വനംവകുപ്പ് അധികൃതർ നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് നിർദേശം.
സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് റിപ്പോർട്ട് തേടിയിരുന്നു.
ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും വനംവകുപ്പ് അധികൃതർ റിപ്പോർട്ട് സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ഹാജരാകാത്തതിന് കാരണം വ്യക്തമാക്കുകയോ ഉണ്ടായില്ല. ഇതിൽ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ വനംവകുപ്പ് അധികൃതർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇന്പിച്ചിബാവ ഭവനനിർമ്മാണ പദ്ധതിയിൽനിന്നു വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്ന രാജകുമാരി സ്വദേശികൾക്ക് ധനസഹായം ലഭ്യമായിട്ടില്ലെന്ന് കാണിച്ച് കമ്മീഷന് മുന്‍പാകെ സമർപ്പിച്ച ഹർജിയിൽ, അപേക്ഷകർക്ക് ധനസഹായം അനുവദിക്കുന്നതിന് പരിഗണിക്കപ്പെടേണ്ടതിനർഹമായ മാനദണ്ഡങ്ങളില്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് തുടർ നടപടികൾ അവസാനിപ്പിച്ചു.
ഉപ്പുതോട് യൂണിയൻ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വായ്പ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മണിപ്പാറ സ്വദേശി സമർപ്പിച്ച ഹർജിയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തിരിച്ചടവിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്ന് ബാങ്ക് അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി.
തുടർന്ന് വായ്പാ തിരിച്ചടവിൽ പരാതിക്കാരനുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതായി ബാങ്ക് അധികൃതർ കമ്മീഷനെ രേഖാമൂലം അറിയിച്ചു. ധാരണ പ്രകാരമുള്ള ഇളവുകൾ അനുവദിച്ച് വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണാൻ ബാങ്ക് അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.