വാനരശല്യത്തിൽ പൊറുതിമുട്ടി ജനം
1496406
Saturday, January 18, 2025 11:53 PM IST
അടിമാലി: വാനരശല്യം മൂലം പൊറുതിമുട്ടി അടിമാലി പഞ്ചായത്ത് പത്താംവാർഡിലെ ജനങ്ങൾ. അടിമാലിക്കും കൂന്പൻപാറയ്ക്കും ഇടയിൽ ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്തുള്ള കുടുംബങ്ങളാണ് വാനരശല്യം മൂലം ദുരിതത്തിലായിരിക്കുന്നത്.
നേരം പുലരുന്നതോടെ കൂട്ടത്തോടെ വാനരൻമാർ ജനവാസ മേഖലയിലേക്കെത്തും. കാപ്പി, കൊക്കോ, തെങ്ങ്, ജാതി, ഏലം തുടങ്ങി മൂപ്പെത്തിയതും അല്ലാത്തതുമായ വിളകൾ നശിപ്പിക്കും. വൈകുന്നേരത്തോടെ മാത്രമേ മടങ്ങു. ഈ സമയത്തിനുള്ളിൽ മുഴുവൻ വിളകളും തിന്നും അല്ലാതെയും നശിപ്പിക്കും. ആളുകളെ ഭയമില്ലാതായതോടെ തുരത്താൻ ശ്രമിച്ചാലും സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ചില സമയങ്ങളിൽ വാനരൻമാർ ആക്രമണ സ്വഭാവവും കാണിക്കുന്നുണ്ട്. വാനരശല്യം മൂലം കൃഷി മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യമാണെന്ന് കർഷകർ പറഞ്ഞു. വീടുകൾക്ക് മുകളിലൂടെയും മറ്റും കൂട്ടത്തോടെ കയറി ഇറങ്ങുന്ന വാനരൻമാർ വീട് തന്നെ കൈയടക്കുന്ന സ്ഥിതിയാണുള്ളത്. കൃഷിയിടങ്ങളിൽനിന്നും വീട്ടുപരിസരത്തുനിന്നും വാനരൻമാരെ എങ്ങനെ തുരത്തുമെന്നറിയാതെ വലയുകയാണ് പ്രദേശവാസികൾ.