ടിപ്പറുകളുടെ സഞ്ചാരം: കലുങ്ക് അപകടാവസ്ഥയിൽ
1496669
Sunday, January 19, 2025 11:04 PM IST
കൂടയത്തൂർ: അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾ സഞ്ചരിച്ച് തെക്കുംഭാഗം-അഞ്ചിരി റോഡിലെ കലുങ്ക് അപകടാവസ്ഥയിലായി. ആലക്കോട് പഞ്ചായത്തിലെ വിവിധ പാറമടകളിൽനിന്നും മെറ്റൽ ക്രഷറുകളിൽനിന്നുമായി ദിവസേന നൂറുകണക്കിന് ടിപ്പറുകളാണ് കലുങ്കിലൂടെ കടന്നുപോകുന്നത്. അമിത ഭാരം കയറ്റിയുള്ള ടിപ്പറുകൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പോലീസോ മൈനിംഗ് ആൻഡ് ജിയോളജിവകുപ്പോ ഒരു നടപടിയും എടുക്കുന്നില്ലെന്ന് പരാതിയുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയിൽ കലുങ്ക് അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഒരു നിയന്ത്രണവും ഇല്ലാതെ ഭാരവാഹനങ്ങൾ ഈ കലുങ്കിലൂടെ കടത്തിവിടുകയാണ്. അമിത ഭാരം കയറിയ ലോറികളുടെ സഞ്ചാരം മൂലം തെക്കുംഭാഗം -അഞ്ചിരി റോഡിലെ മറ്റു കലുങ്കുകളും തകർച്ചയുടെ വക്കിലാണ്.