മദ്യനിർമാണം: പിൻവാങ്ങണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
1497255
Wednesday, January 22, 2025 3:31 AM IST
നെടുങ്കണ്ടം: മദ്യ, മയക്കുമരുന്നുകളുടെ ക്രമാതീത വർധനയിൽ അമർന്നു കഴിയുന്ന നാട്ടിൽ വീണ്ടും മദ്യലഭ്യത വർധിപ്പിക്കാൻ പുതിയ ബ്രൂവറി ഡിസ്റ്റിലറി ശാലക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
മദ്യ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ പിണറായി സർക്കാർ പുതിയ ബാറുകൾ, വിദേശ മദ്യ ശാലകൾ എല്ലാം കൂടുതൽ തുറക്കുകയാണ് ചെയ്യുന്നത്. ജലക്ഷാമം രൂക്ഷമായ പാലക്കാട് വൻകിട കമ്പനിയുടെ ബ്രൂവറി യൂണിറ്റ് ദശ ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ് മദ്യനിർമാണത്തിനായി എടുക്കേണ്ടി വരുക.
ജനദ്രോഹ നടപടിയിൽ ജനങ്ങൾ ഒന്നിച്ചു പ്രതിഷേധിക്കുമെന്നും സർക്കാരിന്റെ മദ്യനയത്തിനെതിരേ സമര പരിപാടികൾ നടത്തുമെന്നും രൂപത കമ്മിറ്റി പറഞ്ഞു.
തൂക്കുപാലം സെന്റ് ആന്റണീസ് ദേവാലയത്തിൽ ചേർന്ന രൂപത കമ്മിറ്റിയിൽ രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രിസിഡന്റ്് സിൽബി ചുനയൻമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.