ജില്ലയെ മാലിന്യമുക്തമാക്കൽ: ജനകീയ കാന്പയിൻ ഉൗർജിതം
1496950
Tuesday, January 21, 2025 12:01 AM IST
തൊടുപുഴ: ടൗണുകളെയും പൊതു ഇടങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ഉൾപ്പെടെ പൂർണമായും മാലിന്യ മുക്തമാക്കാനുള്ള ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ തുടരുന്നു. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 വരെയാണ് കാന്പയിനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 2044 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി മാറ്റിയിട്ടുണ്ട്.
വിദ്യാലയങ്ങളുടെ കാര്യത്തിലാണ് ഏറെ മുന്നേറ്റമുണ്ടായത്. 448 സ്കൂളുകളെ ഇതിനോടകം ഹരിത വിദ്യാലയങ്ങളാക്കി. 44 കലാലയങ്ങളെയും അഞ്ച് ടൂറിസം കേന്ദ്രങ്ങളെയും 114 ടൗണുകളെയും 78 പൊതുസ്ഥലങ്ങളെയും 6020 അയൽക്കൂട്ടങ്ങളെയും ഇതുവരെ ഹരിതമാക്കിയിട്ടുണ്ട്.
ചില പഞ്ചായത്തുകൾ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്കാണെങ്കിലും മറ്റു ചില തദ്ദേശ സ്ഥാപനങ്ങളാകട്ടെ ബഹുദൂരം മുന്നിലെത്തി.
ഇടുക്കി മെഡിക്കൽ കോളജ് പരിസരം ശുചീകരിച്ചാണ് മാലിന്യമുക്തം ജനകീയ കാന്പയിന് തുടക്കമായത്. മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാതലം മുതൽ വാർഡ്തലം വരെയുള്ള നിർവഹണ സമിതിയാണ് കാന്പയിൻ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.
ജില്ലയിലെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതു സ്വകാര്യ മേഖല സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, മാർക്കറ്റുകൾ, ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവയെല്ലാം ഹരിതമായി പ്രഖ്യാപിച്ചാണ് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നത്.
ഇതിനായുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരികയാണ്. ജില്ലാ സിവിൽ സ്റ്റേഷനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന് എഡിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലാ ഓഫീസർമാരുടെ യോഗം ചേരുകയും ഓഫീസുകളിലെ ഹരിത ഓഡിറ്റ് പൂർത്തീകരിക്കുകയും ചെയ്തു.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല പ്രഖ്യാപനവും കൊന്നത്തടിയിലാണ് നടന്നത്.
മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരങ്ങൾ തേടുന്നതിന് നവംബർ 14ന് കുട്ടികളുടെ ഹരിതസഭ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്നു. ജില്ലയിലാകെ 404 വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ ഹരിതസഭയിൽ പങ്കാളികളായി.
ശുചിത്വ പരിപാലനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഹരിതസഭ സഹായകമായി. നെടുങ്കണ്ടം, തൊടുപുഴ, കട്ടപ്പന, മൂലമറ്റം, മൂന്നാർ, കുമളി കെഎസ് ആർടിസി ഡിപ്പോകളിൽ ഡിസംബർ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ശുചിത്വ ദിനമായി ആചരിക്കുകയും ചെയ്തു.
ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന "ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ മൂന്നാംഘട്ടത്തിനും ജില്ലയിൽ തുടക്കം കുറിച്ചു.
പൂപ്പാറ പന്നിയാർ പുഴ ശുചീകരണം നടത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടാംഘട്ട ഹരിത സ്ഥാപന പ്രഖ്യാപനവും മൂന്നാംഘട്ട പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനവും തങ്കമണിയിൽ നടന്നു.
കാന്പയിന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 26ന് പള്ളിവാസൽ പഞ്ചായത്തിൽ നടക്കും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 26 മുതൽ 31 വരെ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും വാർഡ് തലത്തിലും ഹരിത പ്രഖ്യാപനങ്ങൾ നടക്കും.
ഇതിനായി ബൃഹത്തായ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തുവരുന്നതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അറിയിച്ചു.