പണിമുടക്ക് വിജയിപ്പിക്കാൻ തന്ത്രം ; ഓഫീസുകളുടെ താക്കോൽ വാങ്ങിയെന്ന് ആക്ഷേപം
1497252
Wednesday, January 22, 2025 3:31 AM IST
തൊടുപുഴ: പ്രതിപക്ഷ സർവീസ് സംഘടനകളും ജോയിന്റ് കൗണ്‍സിലും ഇന്ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ വില്ലേജ് ഓഫീസുകളുടെ താക്കോൽ തഹസിൽദാർമാർ മുൻകൂർ കൈവശപ്പെടുത്തിയെന്ന ആരോപണവുമായി എൻജിഒ യൂണിയൻ.
മുഴുവൻ വില്ലേജ് ഓഫീസുകളും പൂട്ടി താക്കോൽ താലൂക്കിൽ കൊടുക്കാൻ വില്ലേജ് ഓഫിസർമാർക്ക് ഇന്നലെ വൈകുന്നേരം നിർദേശം നല്‍കിയെന്നാണ് ഇവർ ആരോപിക്കുന്നത്. മുട്ടം, പുറപ്പുഴ, കരിങ്കുന്നം, തൊടുപുഴ, കോടിക്കുളം, ഇലപ്പള്ളി തുടങ്ങിയ വില്ലേജ് ഓഫീസർമാരിൽനിന്നും തൊടുപുഴ താലൂക്ക് ഓഫീസർ മുൻകൂട്ടി താക്കോൽ വാങ്ങി.
പണിമുടക്ക് പരാജയം മുന്നിൽ കണ്ട ജോയിന്റ് കൗണ്‍സിലാണ് ഇത്തരം തന്ത്രം മെനഞ്ഞതെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു. ഇതിനെതിരെ എൻജിഒ യൂണിയൻ തൊടുപുഴ താലൂക്ക് ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ ഓഫീസുകൾ തുറക്കാൻ നടപടി എടുക്കുമെന്ന് തഹസിൽദാർ യൂണിയനെ അറിയിച്ചു.
നിരവധി ജനങ്ങൾ വരുന്ന വില്ലേജ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ന് വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ശക്തമായ സമരം നടത്തുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. വില്ലേജ് ഓഫിസുകളിൽ ജോലിക്കെത്തുന്ന മുഴുവൻ ജീവനക്കാർക്കും ജോലി ചെയ്യാനുള്ള സാഹചര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ യൂണിയൻ നേതാക്കൾക്ക് ഉറപ്പു നൽകി.