കണ്ണംപടി ഊരുസംരക്ഷണ പദ്ധതിക്ക് നബാർഡ് അംഗീകാരം
1497248
Wednesday, January 22, 2025 3:31 AM IST
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ആദിവാസി ഊരുകളെ സംരക്ഷിക്കാനുള്ള വനംവകുപ്പിന്റെ പദ്ധതിക്ക് നബാർഡ് അംഗീകാരം നൽകി. 12 ഊരുകൾക്ക് ചുറ്റും 17. 07 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ച് കുഴിക്കാനും ആറ് കിലോമീറ്റർ ദൂരത്തിൽ സോളാർ വൈദ്യുതിവേലി നിർമിക്കാനുമാണ് പദ്ധതി. വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണവും ഉണ്ടാകും.
4.0863 കോടി രൂപയുടെ പദ്ധതിക്കാണ് നബാർഡ് അംഗീകാരം നൽകിയത്. ഇടുക്കി പദ്ധതിക്കു വേണ്ടി കുടി യൊഴിപ്പിച്ച് കുടിയിരുത്തിയവർ ഉൾപ്പെടെ 1200 കുടുംബങ്ങളാണ് കണ്ണംപടിയിൽ താമസിക്കുന്നത്. കൃഷി ചെയ്തും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവരെല്ലാം ഉപജീവനം നടത്തുന്നത്. കാട്ടാനയും കാട്ടുപന്നിയും ഇവരുടെ കൃഷിയും വീടും നശിപ്പിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കിയത്. 12 ഊരുകളും 35 കിലോമീറ്റർ ചുറ്റളവിലാണുള്ളത്.
ഇതിൽ വന്യമൃഗങ്ങൾ കയറാൻ സാധ്യതയുള്ള 23.07 കിലോമീറ്റർ ദൂരത്തിൽ ഭൂപ്രകൃതി അനുസരിച്ച് ട്രഞ്ച് കുഴിച്ചും സോളാർ തൂക്കുവേലി സ്ഥാപിച്ചും സുരക്ഷിതമാക്കും.
മേമാരി-ചൊക്കള്ളി, ചെമ്പകശേരി, പെരമ്പൻ, ഈട്ടിക്കൽപടി, നാഗമുത്തി, കണ്ണംപടി, കിഴുകാനം, ചന്ദനകാനം, ചെമ്പകപ്പാറ, കല്ലേക്കുളം, കിഴുകാനം, കത്തിതേപ്പൻ, പൂക്കൊമ്പൻപടി, പുള്ളുവേലി-ഗിരീഷ് പടി, പാറൻതോട്ടം കുമരികുളം, കോയിപ്രാംപടി, മേമാരി ഇഡിസി പടി - ജയിംസ് പടി വനാതിർത്തികൾ എന്നിവിടങ്ങളിലാണ് ട്രഞ്ച് നിർമിക്കുന്നത്. ഇഞ്ചപ്പാറ, വൻമാവ്, കൊല്ലത്തിക്കാവ്, കോതപാറ പ്രദേശങ്ങളിലെ വനാതിർത്തിയിൽ സോളാർ വേലിയും നിർമിക്കും.
ബാക്കി ഭാഗം വനമേഖല അല്ലാത്തതിനാൽ അതുവഴി വന്യമൃഗങ്ങൾ കയറില്ല എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. വനത്തിനുള്ളിലെ ചതുപ്പു നിലങ്ങൾ (വയൽ), കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ നവീകരിക്കാനും പുതിയതു പണിയാനും പദ്ധതിയിൽ നിർദേശമുണ്ട് . വേഗത്തിൽ ടെൻഡർ നടപടി പൂർത്തിയാക്കി പദ്ധതിയുടെ നിർമാണം തുടങ്ങുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.