ജലാശയത്തിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച യുവാക്കൾക്ക് നാടിന്റെ ആദരം
1497251
Wednesday, January 22, 2025 3:31 AM IST
കുടയത്തൂർ: മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് നാടിന്റെ ആദരം. അഞ്ചിരി പാലപ്പിള്ളിൽ പുത്തൻപുരയ്ക്കൽ സച്ചിൻ പി. സുരേന്ദ്രൻ, കോളപ്ര പേരൂശേരിൽ അഖിൽ പി. ശ്രീധരൻ എന്നിവരെയാണ് പൗരസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
കഴിഞ്ഞ 18ന് രാവിലെ പത്തോടെയാണ് കോളപ്ര പാലത്തിൽനിന്നു പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്. ഈ സമയം പാലത്തിലൂടെ ബൈക്കിൽ കുട്ടികളുമായി വന്ന സച്ചിനാണ് ആദ്യം പെണ്‍കുട്ടിയെ രക്ഷിക്കാനായി ചാടിയത്.
സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളായ അഖിൽ, ബാബു എന്നിവരും ഡാമിലേക്ക് ചാടി പെണ്‍കുട്ടിയെ കരയ്ക്കെത്തിക്കുകയായിരുന്നു. തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. കൃത്യസമയത്ത് ഇവർ നടത്തിയ രക്ഷാപ്രവർത്തനമാണ് പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
ചടങ്ങിൽ ഡോ. കെ. സോമൻ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് ഉപഹാരം നൽകി. തങ്കച്ചൻ കോട്ടയ്ക്കകത്ത്, പി.പി. ചന്ദ്രൻ, കെ.ജെ. മൈക്കിൾ, അനിൽ കൂവപ്ലാക്കൽ, ഫ്രാൻസിസ് കരിന്പാനി, കെ.യു. ബിജു എന്നിവർ പ്രസംഗിച്ചു.