ആദിവാസി നഗറിലെ അടിസ്ഥാനസൗകര്യം : പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവ്
1497245
Wednesday, January 22, 2025 3:31 AM IST
വണ്ടിപ്പെരിയാർ: ആദിവാസി ഉൗരുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ നഗറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിവയൽ ഊര് മൂപ്പന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
റോഡ്, വെള്ളം, ശൗചാലയം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും ആയിരുന്നു പരാതിയിലെ ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുമോഹൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ, പീരുമേട് എംഎൽഎ വാഴൂർ സോമൻ, പേഴ്സണൽ അസിസ്റ്റന്റ്് എം. ഗണേശൻ, സാക്ഷരത പ്രേരക് പി. കെ. ഗോപിനാഥൻ എന്നിവരും വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺകുമാർ, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഊരിലെത്തി അന്വേഷണം നടത്തി.
വഞ്ചിവയൽ അങ്കണവാടിയിൽ നടത്തിയ യോഗത്തിൽ ഊര് മൂപ്പൻ അജയൻ, അങ്കണവാടി പ്രവർത്തകർ എന്നിവർ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതകളും നിർദേശങ്ങളും സംഘത്തിനു മുൻപിൽ അവതരിപ്പിച്ചു.