റിപ്പബ്ലിക് ദിന പരേഡിന് കോവിൽമല രാജാവും
1497253
Wednesday, January 22, 2025 3:31 AM IST
ഇടുക്കി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കോവിൽമല രാജാവ് രാജമന്നാനും ഭാര്യക്കും ക്ഷണം. കാഞ്ചിയാർ കോവിൽമലയിലെ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡൽഹിക്ക് പോകുന്നത്. മന്ത്രി ഒ.ആർ. കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ഇടുക്കിയിൽ 48 പട്ടിക വർഗ ഉൗരുകളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്.
ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരന്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാരവസ്ത്രങ്ങളും ധരിച്ചാണ് രാജമന്നാൻ പങ്കെടുക്കുന്നത്. രാജമന്നാനും ഭാര്യയും ഇന്ന് രാവിലെ വിമാന മാർഗം ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും.