അർബൻ ബാങ്കിന്റെ നിയന്ത്രണം പിൻവലിച്ചു
1497250
Wednesday, January 22, 2025 3:31 AM IST
തൊടുപുഴ: അർബൻ സഹകരണ ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതായി ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 മാസമായി ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇന്നു മുതൽ പിൻവലിക്കുന്നത്.
ഇന്ത്യയിൽ അപൂർവം ചില ബാങ്കുകൾ മാത്രമാണ് ഇത്തരത്തിൽ നിയന്ത്രണം വന്നശേഷം ഡെപ്പോസിറ്റ് ഇൻഷ്വറൻസ് കൊടുത്തതോടെ നിയന്ത്രണം മാറി പൂർവസ്ഥിതിയിലെത്തുന്നത്.
2022 ഓഗസ്റ്റ് 23 മുതലാണ് ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ കിട്ടാക്കടം വർധിച്ചതുമൂലമായിരുന്നു നിയന്ത്രണം. ഇക്കാലയളവിൽ മുതലും പലിശയുമായി 82.5 കോടി രൂപ കിട്ടാക്കടം തിരിച്ചുപിടിച്ചു. ആർബിഐ നിർദേശപ്രകാരം വിവിധ ബാങ്കുകളിലും സർക്കാർ സെക്യൂരിറ്റീസിലും നിക്ഷേപിച്ചിരിക്കുന്ന തുകയുംകൂടി 149 കോടിയാണ് ഇപ്പോൾ ബാങ്കിന്റെ കൈവശമുള്ളത്. ഇതിൽ 139 കോടിയാണ്ഇടപാടുകാരുടെ നിക്ഷേപം. വായ്പ ബാക്കിനിൽപ്പ് 78 കോടിയാണ്.
ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയായി 33.4 കോടി നീക്കിവച്ചിട്ടുണ്ട്. നിയന്ത്രണ കാലയളവിലും ഓരോ വർഷവും ബാങ്ക് പ്രവർത്തന ലാഭത്തിലായിരുന്നു. ഈ സാന്പത്തികവർഷം നിലവിൽ1.41 കോടി ലാഭത്തിലാണ്. സഹകരണ വകുപ്പിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ദ്വിതല നിയന്ത്രണം ബാങ്കിനുണ്ട്.
പത്രസമ്മേളനത്തിൽ ചെയർമാൻ വി.വി. മത്തായി, ഡയറക്ടർ ബോർഡംഗങ്ങളായ പി.പി. ജോയി, ജയകൃഷ്ണൻ പുതിയേടത്ത്, എം.എൻ. പുഷ്പലത, സഫിയബഷീർ, എംഡി ആർ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.