പോഷകസമൃദ്ധി മിഷൻ ജില്ലയിൽ മുന്നേറുന്നു
1496403
Saturday, January 18, 2025 11:53 PM IST
തൊടുപുഴ: കാർഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷക പ്രാധാന്യമുള്ള വിളകൾ ഉത്പ്പാദിപ്പിക്കുന്ന കൃഷി വകുപ്പിന്റെ പോഷകസമൃദ്ധി മിഷൻ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ഉത്പാദനം, വിപണനം, മൂല്യവർധന, പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്നിവ സംയോജിപ്പിച്ച് ആരോഗ്യ സംരക്ഷണവും പുറമെ കർഷകരുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എട്ട് ബ്ലോക്കുകളിലായി 7000 പോഷകത്തോട്ടങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്. ഇതിനായി 7000 ന്യുട്രീഷണൽ ഗാർഡൻ കിറ്റുകൾ വിതരണം ചെയ്തെന്ന് അധികൃതർ പറഞ്ഞു.
പച്ചക്കറി, പഴങ്ങൾ, ചെറുധാന്യങ്ങൾ, കൂണ് തുടങ്ങി എല്ലാ പോഷകങ്ങളുടെയും ഉത്പ്പാദനമാണ് ലക്ഷ്യം. കിറ്റുകളിൽ വിത്തുകൾ, തൈകൾ, ജൈവ വളം, ജൈവ കീടനാശിനി തുടങ്ങിയവയുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, വനിത ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണം, സഹകരണ വകുപ്പ്, ഫിഷറീസ്, തദ്ദേശ സ്വയംഭരണം, ക്ഷീരവികസനം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ കാർഷിക അനുബന്ധ മേഖലകളുമായി സഹകരിച്ച് കഴിഞ്ഞ സെപ്റ്റംംബർ ഒന്നുമുതൽ ഏഴുവരെ പോഷകാഹാരവാരവും ആചരിച്ചു. പദ്ധതിക്ക് കീഴിൽ 81.9 ഹെക്ടറിൽ ചെറുധാന്യ കൃഷി തുടങ്ങി. വീട്ടമ്മമാരും കർഷകരും ഉൾപ്പെടെ ജില്ലയിൽ ഒരുലക്ഷം ഗുണഭോക്താക്കളും 728 കൃഷിക്കൂട്ടങ്ങളും പദ്ധതിയുടെ ഭാഗമാണ്.
ജനങ്ങൾക്കിടയിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം അറിയിക്കാൻ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ 72 പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം, ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണം തുടങ്ങിയവ സംബന്ധിച്ച ബോധവത്കരണം നടത്തി. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പരമാവധി ആളുകളിലേക്ക് അവബോധം പകരാനാണ് പരിപാടിയിലൂടെ ശ്രമിച്ചത്.
പലതരം പോഷക ഗുണങ്ങളുള്ള കൂണ് കൃഷിക്ക് വലിയ പ്രാധാന്യമുള്ളതിനാൽ മഷ്റൂം വില്ലേജ് പദ്ധതി പ്രകാരം ജില്ലയിൽ 76 ചെറുകിട കൂണ് ഉത്പാദന യൂണിറ്റുകൾ തുടങ്ങി. 11,250 രൂപവീതം സർക്കാർ സഹായത്തോടെയാണിത്. രണ്ട് വൻകിട കൂണ് ഉത്പാദന കേന്ദ്രവും ആരംഭിച്ചു. രണ്ട് ലക്ഷമാണ് സർക്കാർ സഹായം. ഒന്നുവീതം സംരക്ഷണം, പായ്ക്കിംഗ് യൂണിറ്റുകളും നാലു കന്പോസ്റ്റ് യൂണിറ്റും മൂന്ന് കപ്പാസിറ്റി ബിൽഡിംഗും തുടങ്ങിയിട്ടുണ്ട്. തൊടുപുഴ ബ്ലോക്കിലാണ് മഷ്റൂം വില്ലേജ് തയാറായത്.
സർക്കാരിന്റെ നേതൃത്വത്തിൽ മൂന്നു മാസം മുന്പ് വീടുകളിലും തോട്ടങ്ങളിലും മറ്റിടങ്ങളിലും തീവ്ര പച്ചക്കറി യജ്ഞം ആരംഭിച്ചിരുന്നു.
പോഷക സമൃദ്ധി മിഷനും ഇതിലേക്ക് ലയിപ്പിച്ചു. പോഷകവിള പ്ലാനും തയാറാക്കിയിട്ടുണ്ട്.
മൂന്നുലക്ഷം സങ്കരയിനം പച്ചക്കറി തൈകൾ, 5000 സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ, 2.5 ലക്ഷം ശീതകാല പച്ചക്കറി തൈകൾ, രണ്ടുലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ, 500 യൂണിറ്റ് മണ്ചട്ടികൾ, 5000 ദീർഘകാല പച്ചക്കറി തൈകൾ എന്നിവയാണ് കർഷകർക്ക് നൽകിയത്.
പദ്ധതിക്കായി 3500 ചതുരശ്ര മീറ്റർ മഴമറകളാണ് നിർമിച്ചത്. 70 ഹെക്ടറിൽ ശീതകാല കൃഷി നടപ്പാക്കി. 10ഹെക്ടറിൽ കൃത്യതാ കൃഷിയും അഞ്ച് ഹെക്ടറിൽ പരന്പരാഗത കൃഷിയും വ്യാപിപ്പിച്ചു ക്ലസ്റ്ററുകൾ വഴിയും സ്റ്റാഗേർഡ് ക്ലസ്റ്ററുകളിലൂടെയും 475 ഹെക്ടറിൽ കൃഷി വ്യാപനവും നടത്തി.