കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചതായി പരാതി
1497249
Wednesday, January 22, 2025 3:31 AM IST
തൊടുപുഴ: സർവീസിനിടെ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. ആനക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കെ.എ. ജമാലിനെയാണ് (52) തെക്കുംഭാഗം വട്ടമറ്റം ഭാഗത്തു വച്ച് ബസ് തടഞ്ഞ് അഞ്ചംഗ സംഘം മർദിച്ചതായി പരാതിയുയർന്നത്.
പരിക്കേറ്റ ജമാൽ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചിനുള്ള ട്രിപ്പ് മുടങ്ങി. രാവിലെ എട്ടിനുള്ള ട്രിപ്പിൽ ബസിൽ കയറിയ വിദ്യാർഥി 100 രൂപ കൊടുത്തപ്പോൾ കീറിയ നോട്ടാണെന്ന് പറഞ്ഞ് പണം വാങ്ങിയില്ലെന്ന് ജമാൽ പറഞ്ഞു.
ഇതേത്തുടർന്ന് വേറെ ആരോടോ ചില്ലറ വാങ്ങി നൽകി വിദ്യാർഥി ഇതേ ബസിൽ യാത്ര ചെയ്തതായി കണ്ടക്ടർ പറഞ്ഞു. ഉച്ചയോടെ ഡിപ്പോയിൽ എത്തിയ വിദ്യാർഥി തനിക്ക് ഇതിന്റെ പേരിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് പറഞ്ഞ് പരാതി നൽകി. പിന്നീട് വൈകുന്നേരം ട്രിപ്പ് പോയപ്പോൾ ചിലർ വട്ടമറ്റത്ത് ബസ് തടഞ്ഞ് കണ്ടക്ടറെ കൈയേറ്റം ചെയ്തെന്നാണ് പരാതി.