സബ് കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ്
1496953
Tuesday, January 21, 2025 12:01 AM IST
തൊടുപുഴ: സിറ്റിംഗിൽ ഹാജരാകാത്ത ദേവികുളം സബ് കളക്ടർ, ഇടുക്കി എൽഎ ഡെപ്യൂട്ടി കളക്ടർ, പീരുമേട് തഹസിൽദാർ എന്നിവർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സമൻസ്. ഇരുവരോടും ഫെബ്രുവരി അഞ്ചിന് ഓഫീസിൽ ഹാജരാകാനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ. ഹക്കീം നിർദേശം നൽകിയത്. ഇന്നലെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ കമ്മീഷൻ സിറ്റിംഗിലാണ് കമ്മീഷണറുടെ നടപടി. 20 പരാതികളാണ് കമ്മീഷൻ സിറ്റിംഗിൽ പരിഗണിച്ചത്. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതൽ എത്തിയത്. ഇതിൽ 17 പരാതികൾ തീർപ്പാക്കി.
എന്നാൽ ദേവികുളം സബ് കളക്ടർ ഹാജരാകാതിരുന്നതിനാൽ രണ്ട് പരാതികളും ഇടുക്കി എൽഎ ഡെപ്യൂട്ടി കളക്ടർ എത്താതിരുന്നതിനാൽ ഒരു പരാതിയും തീർപ്പാക്കാനായില്ല. ഇതോടെയാണ് ഇരുവർക്കും സമൻസ് അയയ്ക്കാൻ നിർദേശിച്ചത്. ഫെബ്രുവരി അഞ്ചിന് ഇവർ ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്നും കമ്മീഷണർ അറിയിച്ചു. വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് ഫയൽ കാണുന്നില്ല എന്ന രീതിയിൽ മറുപടി നൽകിയ ഉദ്യോഗസ്ഥൻ, വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തിൽ മറുപടി നൽകിയ സ്വകാര്യ കോളജ് പ്രിൻസിപ്പൽ എന്നിവർക്കെതിരേയും നടപടിയുണ്ടാകും.
വിവരാവകാശനിയമം സാന്പത്തിക ലാഭത്തിനും ഭീഷണിക്കുമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷൻ ഇത്തരക്കാരെ ഉൾപ്പെടുത്തി കരിന്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവർക്ക് വിവരാവകാശ നിയമപ്രകാരമുള്ള സേവനങ്ങൾ തുടർന്ന് ലഭ്യമാക്കില്ലെന്നും അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.