രാരിച്ചൻ നീറണാകുന്നേൽ ജില്ലാ പഞ്ചാ. പ്രസിഡന്റ്
1496405
Saturday, January 18, 2025 11:53 PM IST
ചെറുതോണി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്ഗ്രസ്-എം പ്രതിനിധി രാരിച്ചൻ നീറണാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. വണ്ടന്മേട് ഡിവിഷൻ അംഗമാണ് ഇദ്ദേഹം. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ജില്ലാകളക്ടർ വി. വിഗ്നേശ്വരി വരണാധികാരിയായിരുന്നു . 16 അംഗ ഭരണ സമിതിയിൽ 10 എൽഡിഎഫ് അംഗങ്ങളാണ് ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് പൂച്ചെണ്ട് നൽകി പുതിയ പ്രസിഡന്റ്നെ സ്വീകരിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ യോഗം ഉദ്്ഘാടനം ചെയ്തു.
സിപി എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പള്ളിൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, ബേബി ഉഴുത്തുവാൽ, സിനോജ് വള്ളാടി, സി.എം. അസീസ്, ആശ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.