പോസ്റ്റുമോർട്ടം ; ഡോക്ടർ അവധിയായാൽ പകരം സംവിധാനം ഒരുക്കണമെന്ന്
1496664
Sunday, January 19, 2025 11:04 PM IST
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം ഒരു മാസത്തിന് മുന്പ് നിലവിൽ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയാണെങ്കിൽ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലെത്തിക്കേണ്ട സ്ഥിതിയാണ്. ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം പഞ്ചായത്തംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഇടുക്കി ഡിഎംഒയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും പെരുവന്താനത്തു നിന്നു 15 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയിൽ പോയാൽ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് മേധാവി നിർദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.