റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം: ജില്ലയിലെ കടകൾ 27 മുതല്‍ അടച്ചിടും
1497256
Wednesday, January 22, 2025 3:31 AM IST
നെടുങ്കണ്ടം: ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 27 മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ച് സമരം നടത്തുമെന്ന് ജില്ലാ സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി പ്രശ്നങ്ങള്‍ പരിഹരിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്‍കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുക, കമ്മീഷന് അതാത് മാസം നല്‍കുക, റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍, മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടുകൂടി അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പടെ ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവനമാര്‍ഗവും ഇല്ലാതെയാകും. സമരത്തിന്റെ ഭാഗമായി 27ന് ജില്ലയിലെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പിലും പ്രകടനവും ധര്‍ണയും നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്മാന് എ.ഡി. വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് ബഷീര്‍, സ്റ്റേറ്റ് മീഡിയാ കണ്‍വീനര്‍ സോണി കൈതാരം, സംസ്ഥാന കമ്മിറ്റിയംഗം കെ.സി. സോമന് എന്നിവര്‍ അറിയിച്ചു.