താലൂക്ക് ആശുപത്രിയോടുള്ള അവഗണന; കോണ്‍. ധര്‍ണയില്‍ പ്രതിഷേധം ഇരമ്പി
1496954
Tuesday, January 21, 2025 12:01 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധം ഇരമ്പി. ചികിത്സാ സൗകര്യങ്ങള്‍ തീരെ അപര്യാപ്തമായ ഹൈറേഞ്ച് മേഖലയില്‍ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ആശുപത്രിയാണ് നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രി. എന്നാല്‍, ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരോ ഇല്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.
26 ഡോക്ടര്‍മാര്‍ ആവശ്യമായ ഇവിടെ പകുതിയോളം ഡോക്ടര്‍മാര്‍ പോലും നിലവിലില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട കാഷ്വാലിറ്റിയില്‍ ഒരാള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളും നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദിവസം എട്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍, മിക്കവരും അതു പാലിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര്‍ സ്ഥലംമാറിപ്പോയതിനാൽ രോഗികള്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജി ഡോക്ടര്‍മാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന് നഴ്സിംഗ് സ്റ്റാഫുകളുമില്ല.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും പ്രവര്‍ത്തിക്കുന്നില്ല. പാരാസെറ്റാമോളും ഗ്ലൂക്കോസുമല്ലാതെ വിലയുള്ള ഒരു മരുന്നും ഇവിടുത്തെ ഫാര്‍മസിയില്‍ ലഭ്യമല്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് ഏക ആശ്രയമായ ഈ ആശുപത്രിയുടെ ദുഃസ്ഥിതിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആശുപത്രിക്ക് മുമ്പില്‍ സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കിഴക്കേക്കവലയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണാസമരം കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി തോമസ് രാജന്, മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു, ഡിസിസി വൈസ് പ്രസിഡന്‍് മുകേഷ് മോഹനന്, ജന. സെക്രട്ടറിമാരായ ജി. മുരളീധരന്, ബിജോ മാണി, നേതാക്കളായ കെ.എന്‍. തങ്കപ്പന്, ബി. ശശിധരന് നായര്‍, ടോമി ജോസഫ്, രാജേഷ് അമ്പഴത്തിങ്കല്‍, മഹേശ്വരന്, ജോയി കുന്നുവിള, മിനി പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.