മോഷ്ടാവ് പിടിയിൽ
1496962
Tuesday, January 21, 2025 12:01 AM IST
വണ്ടിപ്പെരിയാർ: പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകളിൽനിന്നു മോഷണം നടത്തുന്ന വിരുതൻ പിടിയിലായി. വണ്ടിപ്പെരിയാർ കീരിക്കര സ്വദേശി മഹേന്ദ്രൻ (24) ആണ് പിടിയിലായത്. കുമളി ചോറ്റുപറയിൽ ശരണ്യഭവൻ രവി -പശുപതി ദമ്പതികളുടെ വീട്ടിൽനിന്ന് ഏഴര പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണംപോയ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുമളി മുരുക്കടി ക്ഷേത്ര ഉത്സവത്തിനിടെ പോലീസ് ഇയാളെ പിടികൂടിയത്.
ഇയാളുടെ വീട്ടിൽനിന്നു മൂന്നു പവൻ സ്വർണവും 27,000 രൂപയും പോലീസ് കണ്ടെടുത്തു. വണ്ടിപ്പെരിയാർ ഗോൾഡ് മാർക്കറ്റിലെ രണ്ട് സ്വർണപ്പണയ സ്ഥാപനങ്ങളിൽ ഇയാൾ പണയംവച്ചിരുന്ന സ്വർണവും പോലീസ് കണ്ടെടുത്തു. ചോറ്റുപാറയിലെ വീട്ടിൽനിന്നു കാണാതായ സ്വർണം ആണെന്ന് ഉടമ സ്ഥിരീകരിച്ചു.
മഹേന്ദ്രൻ തന്നെയാണ് കഴിഞ്ഞ ആറുമാസം മുൻപ് ചുരക്കുളം എസ്റ്റേറ്റിന്റെ അയ്യപ്പൻകോവിൽ ഡിവിഷനിൽ എസ്റ്റേറ്റ് സൂപ്പർവൈസറുടെ കോട്ടേഴ്സ് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. കുമളി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്, അനന്തു, സിപിഒമാരായ മാരിയപ്പൻ, ശ്രീനാഥ്, സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥരായ സുബൈർ, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.