ജീവനക്കാരുടെ സംസ്ഥാന പണിമുടക്ക് നാളെ
1496963
Tuesday, January 21, 2025 12:01 AM IST
അടിമാലി: സംസ്ഥാന ജീവനക്കാരോടും ജീവനക്കാരോടുമുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് സെറ്റോ ഭാരവാഹികൾ അറിയിച്ചു.
11-ാം ശമ്പള പരിഷ്കരണ കുടിശിക, അനുവദിക്കുക, 12-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, ഇതിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള നീക്കം ഉപേക്ഷിക്കുക, ഉന്നത/പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, പിഎസ്സി പരീക്ഷാ ഡ്യൂട്ടികൾക്ക് ജീവനക്കാർക്ക് ചട്ടപ്രകാരമുള്ള ടിഎ യഥാസമയം ഉറപ്പാക്കുക, 2016-19 കാലയളവിലെ യുജിസി ശമ്പളപരിഷ്കരണ കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കാണുംവരെ സമരമുഖത്ത് ഉണ്ടാവുമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. വിനോദ്, സെറ്റോ താലൂക്ക് ചെയർമാൻ സഞ്ജയ് കബീർ, പി.ജെ. റോയി, പി.കെ. ദിലീപ്, മേരി ജോർജ്, ശശികല എന്നിവർ അറിയിച്ചു.