വെള്ളത്തൂവൽ പഞ്ചായത്തിൽ ഭരണസ്തംഭനമെന്ന് യുഡിഎഫ്
1497247
Wednesday, January 22, 2025 3:31 AM IST
അടിമാലി: വെള്ളത്തുവൽ പഞ്ചായത്തിൽ ഭരണസ്തംഭനമെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയോ നടപടിയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചത്.
തികഞ്ഞ കെടുകാര്യസ്ഥതയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഒരു വീടുപോലും ഏറ്റെടുത്തു നിർമിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല.
പ്രധാനമന്ത്രിയുടെ ഭവനനിർമാണ പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, വീട് അനുവദിക്കപ്പെട്ടവർക്ക് യഥാസമയം കൈവശ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. നാമമാത്രമായ വീടുകൾക്കു മാത്രമാണ് കൈവശരേഖ ലഭിച്ചിട്ടുള്ളത്.
പഞ്ചായത്തിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല.പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പിഎച്ച്സിയിൽ മാസങ്ങളായി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുതുവാൻകുടിയിലെ നീന്തൽകുളം കാടുപിടിച്ച് കിടക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രകടനത്തിന് എ.എൻ. സജികുമാർ, റോയി പാലക്കൽ, ജാസ്മി അമാൻ, മിനി ഷിബി, അനില സനൽ തുടങ്ങിയവർ നേതൃത്വം നൽകി.